'ഒളിച്ചോടേണ്ട സമയമല്ല, അടിയന്തര നടപടികൾ ഉണ്ടാകും'; പ്രതികരണവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്

'ക്രിക്കറ്റ് ഇവിടുത്തെ ജനങ്ങൾക്ക് എല്ലായ്പ്പോഴും അഭിമാനവും ജീവിതത്തിന്റെ ഭാ​ഗവും പ്രതീക്ഷകളുമായിരുന്നു'

dot image

ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ സമ്പൂർണ്ണ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റിൽ നിന്നും വെസ്റ്റ് ഇൻഡീസ് ഒളിച്ചോടേണ്ട സമയമല്ല ഇതെന്നും വിൻഡീസ് ക്രിക്കറ്റിനെ ശക്തിപ്പെടുത്താൻ അടിയന്തര നടപടികൾ ഉണ്ടാകുമെന്നുമാണ് ബോർഡ് പ്രസി‍ഡന്റ് കിഷോർ ഷാലോ പറയുന്നത്.

'ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് ഓരോ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ആരാധകനെയും പോലെ എനിക്കും വേദനാജനകമാണ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര തോറ്റുതുകൊണ്ട് മാത്രമല്ല, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇവിടുത്തെ ജനങ്ങൾക്ക് എല്ലായ്പ്പോഴും അഭിമാനവും ജീവിതത്തിന്റെ ഭാ​ഗവും പ്രതീക്ഷകളുമായിരുന്നു.'

'താരങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാണ് വരാൻ പോകുന്നത്. കാരണം ഈ തോൽവി എല്ലാവരെയും അത്രയധികം വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം.' ഷാലോ കൂട്ടിച്ചേർത്തു.

'ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് നന്നായി പന്തെറിഞ്ഞു. ഇതോടൊപ്പം വിൻഡീസ് ബാറ്റർമാർ കൂടി മെച്ചപ്പെടണം. നന്നായി കളിക്കാൻ ബാറ്റർമാർക്ക് താൽപ്പര്യമുണ്ട്.'

'വെസ്റ്റ് ഇൻഡീസ് ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് പിന്തിരിയേണ്ട സമയമല്ല. ഒരു ജനത എന്ന നിലയിൽ കൂടുതൽ അടുത്ത് നിൽക്കേണ്ട സമയമാണിത്. ഇത്തരം നിമിഷങ്ങളാണ് ശക്തമായ ഒരു ജനതയെ രൂപപ്പെടുത്തുന്നത്,' ഷാലോ പ്രതികരിച്ചു.

'അടിയന്തര നടപടിയെന്ന നിലയിൽ, ഓസ്‌ട്രേലിയക്കെതിരായ സമീപകാല ടെസ്റ്റ് പരമ്പര, പ്രത്യേകിച്ച് അവസാന മത്സരം അവലോകനം ചെയ്യാൻ ഒരു അടിയന്തര യോഗം വിളിക്കാൻ ക്രിക്കറ്റ് സ്ട്രാറ്റജി ആൻഡ് ഒഫീഷ്യേറ്റിംഗ് കമ്മിറ്റി ചെയർമാനോട് ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചർച്ചകൾ ശക്തിപ്പെടുത്തുന്നതിനായി, വെസ്റ്റ് ഇൻഡീസിന്റെ എക്കാലത്തെയും മികച്ച മൂന്ന് ബാറ്റർമാരായ സർ ക്ലൈവ് ലോയ്ഡ്, സർ വിവിയൻ റിച്ചാർഡ്സ്, ബ്രയാൻ ലാറ എന്നിവരെ ഞാൻ ക്ഷണിച്ചിട്ടുണ്ട്. കമ്മിറ്റിയിൽ ഇതിനകം സേവനമനുഷ്ഠിക്കുന്ന മുൻ മഹാരഥന്മാരായ ഡോ. ശിവ്നാരായൺ ചന്ദർപോൾ, ഡോ. ഡെസ്മണ്ട് ഹെയ്ൻസ്, ഇയാൻ ബ്രാഡ്ഷോ എന്നിവരോടൊപ്പം അവരും ചേരും,' ഷാലോ വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വെസ്റ്റ് ഇൻഡീസ് സംഘം പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് സംഘം വെറും 27 റൺസിനാണ് ഓൾഔട്ടായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത്. ഇതോടെയാണ് പ്രതികരണവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് നേരിട്ടെത്തിയത്.

Content Highlights: West Indies Cricket seeks help of legends on crisis

dot image
To advertise here,contact us
dot image