'മുഖം പൊത്തി ഓടിമറയുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ; വൈറലായി വീഡിയോ

'കയ്യിലുള്ള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും പറഞ്ഞതും പറയാത്തതും എല്ലാം ചേർത്ത് കൊടുക്കും'

dot image

സിനിമ പ്രമോഷനുകൾക്കും തിയേറ്ററിലെ മറ്റു പൊതുചടങ്ങുകൾക്ക് എത്തുന്ന താരങ്ങളെ വിടാതെ പിന്തുടർന്ന് വീഡിയോ പകർത്തി സോഷ്യൽ മീഡിയ പേജില്‍ മോശം ക്യാപ്ഷനുകളോടെ പോസ്റ്റ് ചെയ്യുന്ന യൂട്യൂബര്‍മാരെ നമ്മൾ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ ഇത്തരം യൂട്യൂബർമാർക്ക് പണി കൊടുത്തിരിക്കുകയാണ് നടൻ സാബുമോൻ. തന്റെ വീഡിയോ പകർത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചാണ് സാബുമോൻ ഇവർക്ക് 'പണി കൊടുത്തത്'. സാബുമോൻ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ യൂട്യൂബർമാരിൽ പലരും മുഖം പൊത്തി മാറുകയും ഓടിയൊളിക്കുന്നതും വീഡിയോയിൽ കാണാം.

‘ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വീഡിയോ എടുക്കുന്നത്’ എന്നായിരുന്നു യൂട്യൂബർ സംഘത്തിലെ ഒരു സ്ത്രീ സാബുമോന്റെ വീഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. ‘നിങ്ങൾ പാപ്പരാസികൾ അല്ലേ, അപ്പോൾ നിങ്ങളുടെയും ദൃശ്യങ്ങൾ പകർത്താം’ എന്നായിരുന്നു സാബുമോന്റെ പ്രതികരണം. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ എന്നാണ് സാബുമോൻ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സാബുമോന്റെ പോസ്റ്റിന്റെ പൂർണരൂപം:

കയ്യിലുള്ള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും പറഞ്ഞതും പറയാത്തതും എല്ലാം ചേർത്ത് കൊടുക്കും.. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും കാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കും, അത് ഞങ്ങളുടെ സ്വാതന്ത്ര്യം ആണെന്ന് പറയുന്ന പാരലൽ വേൾഡിലെ മാധ്യമ സിങ്കങ്ങൾ, ഫോൺ ഒരെണ്ണം അവരുടെ നേർക്ക് തിരിഞ്ഞപ്പോൾ മുഖം പൊത്തിയും മറച്ചും മുഖം മൂടിയണിഞ്ഞും ഇരുട്ട് വാക്കിലേക്ക് ഓടി തള്ളുന്നു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പിന്നാലെ സാബുമോനെ പിന്തുണച്ച് കമന്റുമായി എത്തിയത്. പലപ്പോഴും ഇത്തരം ഓൺലൈൻ കാമറ ടീം അതിരുവിടാറുണ്ടെന്നും ഇവർക്കൊരു പണി ആവശ്യമാണെന്നുമാണ് കമന്റുകൾ. 'ഇനി മുതൽ സാബുമോനെ ഷൂട്ട് ചെയ്യാൻ ഒരു പാപ്പരാസിയും വരില്ല', എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

Content Highlights: Sabumon captures online paparazi's video goes viral

dot image
To advertise here,contact us
dot image