
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) തമ്മിലുണ്ടാക്കിയ കരാറിനെ ചൊല്ലിയാണ് നിലവിലെ അനിശ്ചിതത്വം. 2010ലാണ് എഫ്എസ്ഡിഎല്‍, എഐഎഫ്എഫുമായി പതിനഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പിടുന്നത്.
വൈകാതെ 2014-ല്‍ ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) ഗംഭീരമായ തുടക്കമായി. തണുത്ത് നിന്നിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിനെ വീണ്ടും ഉത്തേജിപ്പിക്കാന്‍ ഐഎസ്എല്ലിനായി. കാണികള്‍ കൂട്ടത്തോടെ, ആവേശത്തോടെ സ്‌റ്റേഡിയത്തിലേക്കെത്തി. 11 സീസണ്‍ പൂര്‍ത്തിയായി.
അപ്പോഴാണ് 2010-ല്‍ ഒപ്പിട്ട എംആര്‍എയുടെ കാലാവധി തീരുന്നത്. ഡിസംബര്‍ എട്ടിനാണ് കാലാവധി അവസാനിക്കുന്നത്. സാധാരണ ഗതിയില്‍ ഐഎസ്എല്‍ സീസണ്‍ തുടങ്ങി മൂന്ന് മാസമാകുന്ന സമയം.
ലീഗ് പാതിവഴിയില്‍ നിര്‍ത്തുന്നതിനേക്കാള്‍ നല്ലത് എംആര്‍എയില്‍ ഒരു തീരുമാനമായ ശേഷം നടത്താം എന്ന് എഐഎഫ്എഫും കരുതി. ഈ സീസണിലെ കോംപറ്റീഷന്‍ കലണ്ടറില്‍ നിന്ന് ഐഎസ്എല്‍ ഒഴിവാക്കി. എഐഎഫ്എഫിന്റെ ഭരണഘടന അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭരണഘടന തയ്യാറാക്കി, തിരഞ്ഞെടുപ്പ് നടത്തിയ ശേഷം മാത്രമായിരിക്കും പുതിയ എംആര്‍എയുമായി എഐഎഫ്എഫ് മുന്നോട്ട് പോകു. ഇതാണ് സെപ്തംബറില്‍ തുടങ്ങേണ്ട ഐഎസ്എല്ലിനെ പ്രതിസന്ധിയിലാക്കിയത്.
താരങ്ങള്‍ക്ക് മടങ്ങാം- അനുമതി നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്‍ തുടങ്ങുന്ന കാര്യത്തില്‍ ഉറപ്പില്ലാതായതോടെ വിദേശ താരങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ ഉപാധികളില്‍ അയവ് നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സ്. ക്ലബുമായി പരസ്പര സഹകരണത്തോടെ സ്‌ട്രൈക്കര്‍ ജിസ്യൂസ് ജിമിനെസ് ഇതിനകം മടങ്ങി. പോളിഷ് ക്ലബിലേക്കാണ് കഴിഞ്ഞ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വേട്ടക്കാരന്റെ മടക്കം.
''ഞങ്ങളുടെ താരങ്ങളെ വിട്ടയക്കണം എന്ന ഉദ്ദേശ്യമല്ല. പക്ഷെ അനിശ്ചിതത്വം തുടരുന്നതിനാല്‍ അവരുടെ ഭാവി ഞങ്ങള്‍ക്ക് നോക്കേണ്ടതുണ്ട്. അതുകൊണ്ട് താരങ്ങള്‍ക്ക് ഞങ്ങള്‍ ഉറപ്പ് കൊടുത്തിട്ടുണ്ട്. പോകേണ്ടവര്‍ക്ക് പോകാം. ട്രാന്‍സ്ഫര്‍ തുകയോ മറ്റ് ബുദ്ധിമുട്ടുകളോ അവര്‍ക്കുണ്ടാകില്ല''
കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഓ അഭിക് ചാറ്റര്‍ജി പറഞ്ഞു.
content highlights: ISL 2025-26 put 'on hold' due to MRA uncertainty with AIFF