
ന്യൂഡൽഹി: കീമിൽ ഈ വർഷം ഇടപെടില്ലെന്ന് സുപ്രീംകോടതി. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ നൽകിയ അപ്പീലിൽ സ്റ്റേ ഇല്ല. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. ഈ വർഷത്തെ പ്രവേശന നടപടികൾ തുടരാമെന്നും കോടതി നിർദ്ദേശിച്ചു. അപ്പീൽ സുപ്രീം കോടതി നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. മറുപടി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പ്രൊസ്‌പെക്ടസിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികളുടെ വാദം. 14 വർഷമായി നിലനിന്ന അനീതി ഇല്ലാതാക്കുകയാണ് സിലബസ് പരിഷ്‌കരണത്തിലൂടെ ചെയ്തത്. സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്ന പഴയ പ്രൊസ്‌പെക്ടസ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
കേരളത്തിലെ എൻജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ വിധിയിൽ സർക്കാർ നൽകിയ അപ്പീലിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്പെക്ടസിൽ സർക്കാർ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്.
ഫെബ്രുവരി 19-ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എൻട്രൻസ് കമ്മീഷണർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ ഹർജി തള്ളുകയായിരുന്നു.
പിന്നാലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിച്ചുകൊണ്ട് പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 76,230 വിദ്യാർഥികളാണ് യോഗ്യത നേടിയത്. റാങ്ക് പട്ടികയിൽ വലിയ മാറ്റമാണുണ്ടായത്. കേരള സിലബസുകാർ പിന്നിൽ പോയി. ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്. മുൻ ലിസ്റ്റിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights: Supreme Court says will not interfere in Keam