
കമൽ ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യൻ 2. 1996 ൽ വന്ന ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമയ്ക്ക് എന്നാൽ റിലീസിന് ശേഷം വലിയ വിമർശനങ്ങൾ ആണ് നേരിടേണ്ടി വന്നത്. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരിൽ മോശം പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ സിനിമ ബോക്സ് ഓഫീസിലും പരാജയമായിരുന്നു. ഒരു മൂന്നാം ഭാഗത്തിനുള്ള സൂചന നൽകിക്കൊണ്ടായിരുന്നു ഇന്ത്യൻ 2 അവസാനിച്ചത്. എന്നാൽ മൂന്നാം ഭാഗം ഉപേക്ഷിച്ചു എന്ന തരത്തിൽ ഇടയ്ക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
മൂന്നാം ഭാഗത്തിന്റെ ബാക്കി ഭാഗത്തിൻ്റെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നും ഇതിൽ പ്രതിഫലമില്ലാതെ പ്രവർത്തിക്കാൻ കമൽ ഹാസനും ഷങ്കറും തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെയും റിലീസിനെയും സംബന്ധിച്ച പ്രശ്നങ്ങളിൽ നടൻ രജനികാന്ത് ഇടപെട്ടെന്നും ഇതാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാൻ കാരണമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു പാട്ടും ചില സീനുകളുമാണ് ഇനി ചിത്രീകരിക്കാൻ ബാക്കിയുള്ളത്. ഷങ്കറിനും കമൽഹാസനും മികച്ച ഒരു തിരിച്ചുവരകട്ടെ ഈ ചിത്രം എന്നാണ് എല്ലാവരുടേയും പ്രതീക്ഷ.
- The shooting of Indian3 is set to begin soon. A song sequence and a few scenes are to be shot.
— Movie Tamil (@MovieTamil4) July 16, 2025
- Director Shankar and #kamalhaasan will not be getting paid for the film #Indian3.
"#Rajinikanth is the reason this film is starting now." pic.twitter.com/CziUF0GZyP
മൂന്നാം ഭാഗം തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ 3 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും വികടന് നൽകിയ അഭിമുഖത്തിൽ ഷങ്കർ പറഞ്ഞിരുന്നു. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ എന്നിവരായിരുന്നു ഇന്ത്യൻ 2 ലെ അഭിനേതാക്കൾ. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് ചിത്രം നിർമിച്ചത്.
Content Highlights: Rajinikanth comes to rescue Indian 3 shoot to start soon