
തിരുവനന്തപുരം: കേരള സര്‍വകലാശാല ബിജെപി സിന്‍ഡിക്കറ്റ് അംഗത്തിന്റെ പൊലീസ് സംരക്ഷണ ആവശ്യത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പി എസ് ഗോപകുമാറിനോടാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്ത് ശാരീരിക ഭീഷണിയാണ് സിന്‍ഡിക്കറ്റ് അംഗം നേരിട്ടതെന്ന് ഹൈക്കോടതി ചോദിച്ചു.
' താങ്കളെ ആരെങ്കിലും തടഞ്ഞോ? തടസം നേരിട്ട തീയതിയും സമയവും അറിയിക്കൂ. സര്‍വ്വകലാശാലയില്‍ സംഭവിച്ചതിനെക്കുറിച്ച് ധാരണയുണ്ട്. സര്‍വ്വകലാശാലയില്‍ നിരവധി പേര്‍ വന്നുപോകുന്നുണ്ട്. നിങ്ങളെ ആരെങ്കിലും തടഞ്ഞോ, കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയോ?', ഹൈക്കോടതി ചോദിച്ചു.
ഭയമുണ്ടെന്ന കാരണത്താല്‍ മാത്രം പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാര്യങ്ങള്‍ വ്യക്തമായി അറിയിക്കൂവെന്നും പി എസ് ഗോപകുമാറിനോട് ഹൈക്കോടതി പറഞ്ഞു. സര്‍വ്വകലാശാലയില്‍ നിരവധിപ്പേര്‍ വന്നുപോകുന്നുണ്ടെന്നും എല്ലാവര്‍ക്കും സംരക്ഷണം ഒരുക്കാന്‍ പറ്റുമോയെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എസ്എഫ്‌ഐ സമരത്തിന്റെ പശ്ചാത്തലത്തിലാണ് പി എസ് ഗോപകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: Kerala High Court to Kerala University BJP Syndicate member on Police protection