
അതിരാവിലെ ചായയോ കോഫിയോ ഇടാനായി അടുക്കളയിലെത്തിതാണ്. പഞ്ചസാര പാത്രത്തിനടുത്ത് നിങ്ങളെ വരവേറ്റത് വരിവരിയായി ആരേയും കൂസാതെ പോകുന്ന ഉറുമ്പുകളുടെ മാര്‍ച്ചാണോ? കാലത്തുതന്നെ ദേഷ്യം വരാന്‍ മറ്റൊന്നും വേണ്ട.
പഞ്ചസാര പാത്രത്തിന് ചുറ്റുമുള്ള ഈ ഉറുമ്പുകള്‍ സത്യത്തില്‍ നിങ്ങളോട് രഹസ്യമായി ചിലത് പറയുന്നുണ്ട്. നിങ്ങളുടെ അടുക്കളുടെ ശുചിത്വത്തെ കുറിച്ച്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെടുന്നവരല്ല ഉറുമ്പുകള്‍. ഭക്ഷണ സ്രോതസ്സുകളുടെ മണം പിടിച്ച് എത്തുന്നവരാണ്. അടുക്കും ചിട്ടയുമില്ലാത്ത, വൃത്തിയില്ലാത്ത അടുക്കള അവരെ സംബന്ധിച്ചിടത്തോളം ഭക്ഷണ കലവറയാണ്. ഒരിക്കല്‍ വിശ്വസനീയമായ ഒരു ഭക്ഷണ സ്രോതസ്സ് കണ്ടെത്തിയാല്‍ അവയ്ക്ക് പിന്നെ ആ വഴി വരാതിരിക്കാനാവില്ല.
സ്റ്റോറേജില്‍ എന്തോ കുഴപ്പമുണ്ട്
നിങ്ങളുടെ അടുക്കളയിലെ ഉറുമ്പുകളുടെ സാന്നിധ്യം നിങ്ങളുടെ അടുക്കളയിലെ ശരിയല്ലാത്ത സ്റ്റോറേജുമായി ബന്ധപ്പെട്ടുള്ളതാകാം. പഞ്ചസാര, ധാന്യമാവുകള്‍, പയറുവര്‍ഗങ്ങള്‍, സ്‌നാക്‌സ് എന്നിവ ശ്രദ്ധയില്ലാതെ സൂക്ഷിച്ചതായിരിക്കണം അവയെ അങ്ങോട്ട് എത്തിച്ചത്. ഈ ജീവികളെ സംബന്ധിച്ചിടത്തോളം മണം പിടിക്കാന്‍ പ്രത്യേകവാസനയുള്ളവരാണ്. ഇവരില്‍ നിന്ന് രക്ഷനേടാനുള്ള പ്രധാനവഴി എയര്‍ടൈറ്റ് കണ്ടെയ്‌നറുകള്‍ തന്നെയാണ്.
അടുക്കള നിത്യവും വൃത്തിയാക്കണം
കണ്ടെയ്‌നറില്‍ നിറയ്ക്കുമ്പോള്‍ തറയില്‍ വീണ ഏതാനും പഞ്ചസാരത്തരികളും മറ്റും മതി അടുക്കളയിലേക്കുള്ള സ്ഥിര വഴി ഇവര്‍ തിരഞ്ഞെടുക്കാന്‍. തിരക്കുകള്‍ക്കിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ നമുക്കെവിടെ നേരം.അതുതന്നെയാണ് ഉറുമ്പിനും വേണ്ടത്. അതുകൊണ്ട് നിത്യവും കൗണ്ടര്‍ ടോപ്പുകള്‍ തുടച്ചിടണം. വീട്ടുപകരണങ്ങളുടെ അടിവശം ഉള്‍പ്പെടെ വൃത്തിയാക്കണം. നിത്യവും അടുക്കളയുടെ തറ അടിച്ചുവാരുകയും വേണം.
നിറഞ്ഞുകവിഞ്ഞ ട്രാഷ് ബിന്നുകള്‍
ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങുന്ന ട്രാഷ് ബിന്നുകള്‍ രാത്രിയും വൃത്തിയാക്കുന്നില്ലെങ്കില്‍ അതും ഉറുമ്പുള്‍പ്പെടെയുള്ള ക്ഷുദ്ര ജീവികളെ അടുക്കളയിലേക്ക് ക്ഷണിക്കും. ട്രാഷ് ബിന്‍ അടച്ചുവച്ചാലും ചെറിയ ഗ്യാപുകളിലൂടെ ഇവ അകത്തേക്ക് പ്രവേശിക്കും. അതിനാല്‍ മാലിന്യം കൃത്യമായി പുറന്തള്ളണം. അത് വച്ചിരിക്കുന്ന ഭാഗവും നിത്യവും വൃത്തിയാക്കണം.
ഈര്‍പ്പമുള്ള പ്രതലങ്ങള്‍
ഭക്ഷണം മാത്രമല്ല വെള്ളവും ഇവര്‍ക്ക് വേണം. നനഞ്ഞ ഡിഷ്‌ക്ലോത്തുകള്‍, സിങ്കിന്റെ മൂലകള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളത്തിനായി ഇവ കൂട്ടമായി എത്തിയേക്കാം. ഈര്‍പ്പമുളള അന്തരീക്ഷം ഉറുമ്പിന് മാത്രമല്ല മറ്റ് കീടങ്ങള്‍ക്കും വാസസ്ഥലമൊരുക്കും. അതുകൊണ്ട് എല്ലായ്‌പ്പോഴും പാത്രങ്ങളും അടുക്കളയും പ്രതലങ്ങളുമെല്ലാം ഉണക്കിസൂക്ഷിക്കുക.
വൃത്തിയില്ലാത്ത പാന്‍ട്രി ഷെല്‍ഫുകള്‍
മാസങ്ങളോളം വൃത്തിയാക്കാതെ ഇരിക്കുന്ന പാന്‍ട്രി ഷെല്‍ഫുകള്‍ ഉറുമ്പുകളുടെ മാത്രമല്ല മറ്റ് കീടങ്ങളുടെയും താമസസ്ഥലമാകും. അതിനാല്‍ കൃത്യമായി അത് പരിശോധിക്കുന്നത് നന്നായിരിക്കും. വൃത്തിയാക്കുകയും വേണം. സമയം ഇല്ലെങ്കില്‍ പെസ്റ്റ് കണ്‍ട്രോള്‍ ടീമിനെ സമീപിക്കാം.
Content Highlights: The Secret Message in Your Sugar Jar: What Ants Reveal About Your Kitchen