
കൊച്ചി: വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം ഹൈക്കോടതിയില്‍. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ട്. ഇരുവരുടെയും മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ഇടപെടണം. നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
അതേസമയം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉറപ്പ് നല്‍കി. മൃതദേഹം വിട്ട് കിട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം റിപ്പോര്‍ട്ടറിലൂടെ അമ്മയെ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
'അമ്മയുടെ ആവശ്യങ്ങള്‍ ന്യായമാണ്. കോണ്‍സുലേറ്റ് ശക്തമായി ഇടപെട്ടതിന്റെ ഭാഗമായി ഇന്നലെ സംസ്‌കാരം തടഞ്ഞു. വിപഞ്ചികയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന്, കോണ്‍സുലേറ്റ് കൂടി അപ്രൂവ് ചെയ്തല്ലാതെ മൃതദേഹം വിട്ടുകൊടുക്കില്ല. അതിന് വേണ്ടി കാത്തിരിക്കണം. ഇന്ന് ഹൈക്കോടതി തുറന്നാല്‍ ഉടന്‍ ഇടക്കാല ഉത്തരവ് വാങ്ങിത്തരാമെന്നാണ് കൗണ്‍സല്‍ അറിയിച്ചത്. അത് വന്നാല്‍ ഉടന്‍ ഷാര്‍ജയിലേക്ക് അയച്ച് നിയമനടപടികള്‍ സ്വീകരിക്കും', അദ്ദേഹം പറഞ്ഞു.
തനിക്ക് മക്കളുടെ സംസ്‌കാരം ഹൈന്ദവവിധി പ്രകാരം നാട്ടില്‍ നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രണ്ട് പേരുടെയും മൃതദേഹം തിരിച്ചുകിട്ടുമെന്ന് പ്രകീക്ഷിക്കുന്നുവെന്നും എല്ലാവരും സഹായിക്കുന്നുണ്ടെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. കോണ്‍സുലേറ്റും മന്ത്രിയും ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'രണ്ട് പേരുടെയും മൃതദേഹം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍സുലേറ്റും മന്ത്രിയും ഇടപെടുന്നുണ്ട്. സംഭവത്തില്‍ ഷാര്‍ജയില്‍ പരാതി നല്‍കും. കോണ്‍സുലേറ്റ് പറഞ്ഞത് അനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കും. മൃതദേഹം ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കാനാണ് നിതീഷിന്റെ താല്‍പര്യം. എന്നാല്‍ ഹൈന്ദവ വിധി പ്രകാരം നാട്ടിലടക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ എല്ലാ പഴുതുമടച്ചാണ് അവര്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചത്. എന്റെ മകള്‍ പീഡനം അനുഭവിച്ചു. അതിന്റെ ചിത്രങ്ങള്‍ അയച്ച് തന്നിട്ടുണ്ട്. നീതി ലഭിക്കണം', അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlights: Vipanchika and baby death case Family says it is murder in High Court