ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; വിവിധയിടങ്ങളിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി

പ്രതിഷേധവുമായി യുവമോർച്ചയും രംഗത്തെത്തിയിട്ടുണ്ട്

dot image

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരത്ത് മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്കും സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിവിധയിടങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷഭരിതമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.

ഇന്ന് പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തൊട്ടുപിന്നാലെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പതിനാറോളം തവണയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ മൈതാനം ഭാഗത്തെ മതില്‍ ചാടിക്കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

പാലക്കാടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായി. ഡിഎംഒ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ട്രച്ചറില്‍ പ്രതീകാത്മക മൃതദേഹം വഹിച്ചായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരെ ഡിഎംഒ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമം നടത്തിയതോടെ പൊലീസ് ഇടപെട്ടു. ഇതിന് പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുപ്പിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഇതിന് പിന്നാലെ പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഗേറ്റ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ സ്‌റ്റേഷന്‍ മുറ്റത്ത് ഇരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സമാനമായ രീതിയില്‍ വയനാടും കോഴിക്കോടും എറണാകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കനത്തു. പ്രതിഷേധവുമായി യുവമോർച്ചയും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights- Youth congress conduct districts wise protest against minister veena george over kottayam medical college incident

dot image
To advertise here,contact us
dot image