
കൊച്ചി: ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഉമാ തോമസ് എംഎല്‍എ. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ല. ഇന്നലെ പത്രസമ്മേളനം വിളിച്ചപ്പോള്‍ രാജി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വാര്‍ത്താസമ്മേളനം റദ്ദാക്കുകയായിരുന്നു. തെറ്റുചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കില്‍ രാഹുല്‍ മാനനഷ്ടക്കേസ് നല്‍കമായിരുന്നു. പ്രതികരിക്കാത്തതിനാല്‍ ആരോപണങ്ങള്‍ സത്യമാണെന്ന് വേണം കരുതാന്‍. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഉമാ തോമസ് എംഎല്‍എ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
സ്ത്രീകളെ ചേര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്ത്രീകള്‍ക്കൊപ്പമാണ് പാര്‍ട്ടി എന്നും നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ രാഹുലിന് പാര്‍ട്ടിയില്‍ തുടരാന്‍ അര്‍ഹതയില്ല. രാഹുല്‍ രാജിവെയ്ക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമുണ്ടാകില്ല. ഇത്തരത്തിലുള്ള ആളുടെ വെച്ചുപൊറുപ്പിക്കില്ല എന്ന കാര്യം ഉറപ്പാണ്. രാജിവെയ്ക്കാത്ത പക്ഷം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ഇങ്ങനെ ഒരാളെ പാര്‍ട്ടിക്ക് വേണ്ടെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി. തന്നോട് ആരും പരാതി ഉന്നയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നോപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഒരാളെങ്കിലും പരാതിപ്പെട്ടിരുന്നെങ്കില്‍ നടപടിയെടുക്കുമായിരുന്നുവെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ സ്ത്രീകളുടെ മനസാക്ഷിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഷാനിമോള്‍ പറഞ്ഞു. രാഹുലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേന്ദ്ര, സംസ്ഥാന നേതൃത്തോട് സംസാരിച്ചിരുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കെ കെ രമ എംഎല്‍എയും പറഞ്ഞു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റി. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തിലും ആ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അര്‍ഹനല്ല. മുകേഷ് എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങള്‍. ഈ വിഷയത്തിലും അതുതന്നെയാണ് നിലപാട്. കോണ്‍ഗ്രസ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു എന്നത് സ്വാഗതം ചെയ്യേണ്ടതാണ്. തീരുമാനം പാര്‍ട്ടിക്കോടതിയെടുക്കുകയോ ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ എന്ന് പറഞ്ഞ് ന്യായീകരിക്കാനോ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ഒരു രാഷ്ട്രീയപാര്‍ട്ടി എങ്ങനെയാകണമെന്ന സന്ദേശം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചുവെന്നും കെ കെ രമ പറഞ്ഞു.
Content Highlights- Uma thomas mla against ramul mamkootathil mla