പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്നാണല്ലോ; രാഹുൽ രാജിവെക്കാതെ തരമില്ല: കെ കെ ശൈലജ

രാഹുലിന് ഇത്തരമൊരു ക്രിമിനൽ മനോഭാവമുണ്ടെന്ന് അറിഞ്ഞപ്പോൽ ഞെട്ടിപ്പോയെന്നും ഇത്രയും രൂക്ഷമാണ് ഈ പ്രശ്നമെന്ന് ഇപ്പോഴാണ് മനസിലായതെന്നും കെ കെ ശൈലജ റിപ്പോർട്ടറിനോട് പ്രതികരിച്ചു

dot image

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ സ്ഥാനം രാജിവെക്കാതെ തരമില്ലെന്ന് കെ കെ ശൈലജ എംഎൽഎ. രാഹുലിന് ഇത്തരമൊരു ക്രിമിനൽ മനോഭാവമുണ്ടെന്ന് അറിഞ്ഞപ്പോൽ ഞെട്ടിപ്പോയെന്നും ഇത്രയും രൂക്ഷമാണ് ഈ പ്രശ്നമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അവർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്നാണല്ലോ. വലിയ കുറ്റകൃത്യമാണ് രാഹുൽ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമത്തിൽ ഒരു സംഘം ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ഹണി ഭാസ്കരനെതിരായ ആക്രമണം കണ്ടില്ലേ. എന്തും പറയാൻ മടിക്കില്ല. അവരെ ഭയപ്പെടുകയാണ് പെൺകുട്ടികൾ. പെൺകുട്ടികൾ പരാതി പറയണം. കഴിഞ്ഞ ദിവസം ഡോ. സൗമ്യ സരിൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. കുറിക്കുകൊള്ളുന്ന രീതിയിൽ തിരിച്ചടിക്കാറുള്ള ആളാണ് സൗമ്യ. വളരെ ബോൾഡാണ്. അവരുടെ ധീരതയെ ഇഷ്ടപ്പെടുന്ന ആളാണ് താൻ. അതുപോലെ എല്ലാവരും തയാറാവണമെന്നും പെൺകുട്ടികൾ പരാതി കൊടുക്കണമെന്നും അവർ പറഞ്ഞു.

സിപിഐഎം നേതാവ് ഡോ. പി സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ പരിഹാസ പോസ്റ്റുമായി ഡോ. സൗമ്യ സരിൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം നിൽക്കുന്ന സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പ്രചരിച്ചത്. ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് താൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നായിരുന്നു അവർ ഫേസ്ബുക്കിൽ കുറിച്ചത്. ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേയെന്നും 1996-ൽ താൻ കണ്ട ഇന്ദ്രപ്രസ്ഥം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തുവെച്ചിട്ടുണ്ടെന്ന് അവർ പരിഹസിച്ചിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. രാഹുൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കൾ. സണ്ണി ജോസഫ് നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. രാഹുൽ വിഷയത്തിൽ മുസ്‌ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങൾ മുന്നണിയെ ബാധിക്കുമെന്നാണ് മുസ്‌ലിം ലീഗിന്റെ ആശങ്ക.

ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെയ്ക്കേണ്ടെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ കേരളത്തിൽ നിന്നുള്ള സമ്മർദ്ദം ശക്തമായാൽ ഹൈക്കമാൻഡിനും വഴങ്ങേണ്ടിവരും. ഇന്ന വൈകിട്ടോടെ രാഹുലിന്റെ രാജിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: kk shailaja about rahul mamkootathil's resign

dot image
To advertise here,contact us
dot image