ഡിവൈഎഫ്ഐ പ്രവർത്തകർ പ്രധാന ഗേറ്റ് വരെയെത്തി, ഗുരുതര സുരക്ഷാവീഴ്ച; പൊലീസിൽ പരാതി നൽകി രാജ്ഭവൻ

രാജ്‌ഭവൻ ഡിജിപിയെ അതൃപ്തി അറിയിച്ചു

dot image

തിരുവനന്തപുരം: രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ. ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്ന് രാജ്ഭവന്റെ ഗേറ്റ് വരെ എത്തിയത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് ഗവർണറുടെ നിലപാട്. ഇതിൽ രാജ്‌ഭവൻ ഡിജിപിയെ അതൃപ്തി അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ശക്തമായ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് രാജ്ഭവൻ പൊലീസിന് പരാതി നൽകി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും രാജ്ഭവനിലേക്ക് തള്ളിക്കയറാനും ശ്രമം നടത്തിയിരുന്നു. തുടർന്ന് പൊലീസും പ്രവർത്തകരുമായും ഉന്തും തള്ളുമുണ്ടായി. ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രവർത്തകർ തീരുമാനിച്ചതോടെ വീണ്ടും ഒരു സംഘർഷ സാഹചര്യം രൂക്ഷമായിരുന്നു.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ സസ്‌പെന്‍ഷന്‍ നടപടിയാണ് സമരത്തിന് കാരണം.സസ്പെൻഷനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നിയമപരമായാണ് താൻ പ്രവർത്തിച്ചതെന്നും അതുകൊണ്ട് തന്റെ ഭാഗത്താണ് ന്യായമെന്നും കെ എസ് അനിൽകുമാർ പിന്നീട് പറഞ്ഞിരുന്നു. സസ്പെൻഷൻ നടപടി നിയമപരമായി നിൽക്കാത്ത കാര്യമാണ്. നിയമനാധികാരി സിൻഡിക്കേറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതിനെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി തള്ളിക്കളയുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ല. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. അത് ഇവിടെ ലംഘിക്കപ്പെട്ടു. കെ എസ് അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞിരുന്നു.

Content Highlights: Rajbhavan identifies security breach and files complaint at DYFI march

dot image
To advertise here,contact us
dot image