
തിരുവനന്തപുരം: സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്ര വിവാദത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിത്രംവെച്ച് പൂജിച്ചതില്‍ പ്രതിഷേധിച്ച് വേദി വിട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്ത് നല്‍കി. മന്ത്രി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. കുട്ടികളുടെ മുന്നില്‍വെച്ച് ഭരണഘടനയുടെ തലവനെ മന്ത്രി ശിവന്‍കുട്ടി അപമാനിച്ചു. ക്രസമാധാന പ്രശ്‌നത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കത്ത് നല്‍കിയതെന്നും ഗവര്‍ണര്‍ പറയുന്നു.
കാവി കളര്‍ എന്നത് ആര്‍എസ്എസിന്റേത് മാത്രമല്ലെന്നും ഗവര്‍ണര്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടന നിയമ നിര്‍മാണ സഭയില്‍ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ പറയുന്നു. 'ഭാരതാംബ' ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല. മുഖ്യമന്ത്രി നല്‍കിയ കത്തിന് പിന്നീട് മറുപടി നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ജൂണ്‍ പത്തൊന്‍പതിന് രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വേദിയില്‍ നിന്ന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയതായിരുന്നു വിവാദമായത്. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ആയിരുന്നു മുഖ്യാതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി പൂവിട്ട് പൂജിച്ച നിലയിലായിരുന്നു. അധ്യക്ഷ പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മന്ത്രി, കുട്ടികളെ അഭിനന്ദിച്ച ശേഷം വേദി വിടുകയായിരുന്നു. തുടര്‍ന്ന് പലഘട്ടങ്ങളിലും മാധ്യമങ്ങളെ കണ്ട മന്ത്രി ഗവര്‍ണക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു.
ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 'ഭാരതാംബ' വിവാദത്തിന് തിരികൊളുത്തിയത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍വെയ്ക്കാന്‍ പറ്റില്ലെന്ന് മന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചിത്രം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.
ബുധനാഴ്ച കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉള്‍പ്പെടെയുത്തിയതില്‍ വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയായിരുന്നു വിവാദമായത്. എസ്എഫ്‌ഐ പ്രതിഷേധം വകവെയ്ക്കാതെ പരിപാടിയില്‍ പങ്കെടുത്ത ആര്‍ലേക്കര്‍ പതിവുപോലെ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി. പ്രധാന കവാടത്തിലെ വിദ്യാര്‍ത്ഥി പ്രതിഷേധം കണക്കിലെടുത്ത് കേരള സര്‍വകലാശാലയിലെ പിന്‍ഭാഗത്തെ ഗേറ്റ് വഴിയായിരുന്നു ഗവര്‍ണര്‍ പുറത്തുകടന്നത്.
Content Highlights- Governor Rajendra Arlekar writes letter to CM against minister V Sivankutty