ചക്കര പുരട്ടിയ വാക്കുകൾ പുറത്ത് പറയുന്ന മുഖ്യമന്ത്രി കിട്ടുന്ന സമയത്ത് മുസ്‌ലിം സമുദായത്തെഉപദ്രവിക്കുന്നു:സലാം

ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യമായി ഉപയോഗിച്ചത് സിപിഐഎമ്മാണെന്ന് പി എം എ സലാം

dot image

മലപ്പുറം: ബക്രീദ് ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഇടതുപക്ഷത്തെ ന്യൂനപക്ഷങ്ങള്‍ കൈവിട്ടെന്നും കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

'എന്തിനാണ്, ആര്‍ക്കു വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്? ഉത്തരവ് തന്നെ പിന്‍വലിക്കണം എന്ന് ലീഗ് പറഞ്ഞതാണ്. സര്‍ക്കാര്‍ അതിന് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരില്‍ നിന്നും ഇത്തരം വികലമായ നിലപാടുകള്‍ തുടരുന്നു. നേരത്തെ വഖഫ് ബില്ലിന്റെ പേരിലും സമാന വിവാദം ഉണ്ടായി. നാടിന് ഒരു ഗുണവുമില്ല. ജനവിരുദ്ധ നയങ്ങള്‍ സര്‍ക്കാര്‍ തുടരുന്നു', സലാം പറഞ്ഞു.

PMA Salam
പി എം എ സലാം

സംസ്ഥാന സര്‍ക്കാരിനകത്ത് മുസ്ലിം സമുദായത്തോട് പ്രതികാരം ചെയ്യാനുള്ള സംവിധാനമുണ്ട്. നേരത്തെ തന്നെ മുസ്ലിം ലീഗ് ഈ ആരോപണം ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചക്കര പുരട്ടിയ വാക്കുകള്‍ പുറത്തു പറയുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും കിട്ടുന്ന എല്ലാ സമയത്തും മുസ്ലിം സമുദായത്തെ ഉപദ്രവിക്കുന്നു. അവരുടെ ആനുകൂല്യങ്ങള്‍ എടുത്തുകളയുന്നു. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണെന്നും സലാം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാറിനേക്കാള്‍ കടുത്ത വര്‍ഗീയത സിപിഐഎം കേരളത്തില്‍ നടത്തുന്നുവെന്നും ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യമായി സിപിഐഎം ആണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയുടെ രൂപീകരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'മുസ്ലിം ലീഗിന്റെ ശക്തമായ നിര്‍ബന്ധത്തിലാണ് ഇഎംസ് മലപ്പുറം ജില്ല രൂപീകരിക്കാന്‍ തീരുമാനിച്ചത്. ലീഗ് നേതാക്കള്‍ അന്ന് ശക്തമായ ആവശ്യം ഉന്നയിച്ചു. മലപ്പുറം ജില്ല രൂപീകരിക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിതരായി. അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് അതിനെ എതിര്‍ത്തിരുന്നു. പക്ഷെ മലപ്പുറത്തെക്കുറിച്ച് തെറ്റായ പ്രചാരണം ഇപ്പോള്‍ സിപിഐഎം നടത്തുന്നു', പി എം എ സലാം പറഞ്ഞു.

Content Highlights: PMA Salam criticize Pinarayi Vijayan on Bakrid leave row

dot image
To advertise here,contact us
dot image