കൂരിയാട് ദേശീയപാത തകർന്നതിൽ കടുത്തനടപടിയുമായി കേന്ദ്രം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടർക്ക് സസ്പെൻഷൻ

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം

dot image

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം. കരാറുകാരന്‍ മേല്‍പ്പാലം സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കണമെന്നും കേന്ദ്രത്തിന്‌റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ കണ്‍സള്‍ട്ടന്‌റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.

ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. നെല്‍പ്പാടങ്ങളില്‍ പരിശോധന നടന്നില്ലെന്നും മറ്റ് സ്ഥലങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്നും വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നുമാണ് ശിപാര്‍ശ. കൂരിയാട് മേഖലയിലെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാര്‍ ഉണ്ടെന്നുമാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍. അതേസമയം കൂരിയാട് ദേശീയപാതയുടെ ഭാഗങ്ങള്‍ ഇന്ന് വീണ്ടും പൊളിഞ്ഞു. പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തിയാണ് തകര്‍ന്നത്. ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സര്‍വീസ് റോഡിന്റേയും കൂടുതല്‍ ഭാഗങ്ങള്‍ തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപമുള്ള റോഡാണ് ഇത്തവണ തകര്‍ന്നത്.

കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.

കൂരിയാടിന് പുറമേ തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ദേശീയപാതയിലും വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.വയനാട് മാനന്തവാടിയിൽ മലയോര ഹൈവേയില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. മാനന്തവാടി ദ്വാരകയിലാണ് 20 മീറ്ററിലധികം ദൂരത്തില്‍ റോഡ് വീണ്ടു കീറിയത്.

content highlights:Center takes strict action over Kuriad National Highway collapse; NHAI Project Director suspended

dot image
To advertise here,contact us
dot image