'VEH ഗ്ലോബൽ കരാർ പകൽക്കൊള്ള, മുഖ്യമന്ത്രിയുടെ ഇടപെടൽ ദുരൂഹം': പിണറായി വിജയന്‍

വിഷയത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു

'VEH ഗ്ലോബൽ കരാർ പകൽക്കൊള്ള, മുഖ്യമന്ത്രിയുടെ ഇടപെടൽ ദുരൂഹം':  പിണറായി വിജയന്‍
dot image

തിരുവനന്തപുരം: VEH ഗ്ലോബല്‍ കരാര്‍ പകൽക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കരാറില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ദുരൂഹമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. കരാറില്‍ ഏര്‍പ്പെടാനുള്ള അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്നും വൈദ്യുതിയുടെ 10% പോലും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെഗുലേറ്ററി കമ്മീഷന്റെ മാനദണ്ഡം മറികടന്ന് കരാറില്‍ ഏര്‍പ്പെട്ടത് എന്തിനാണെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. കരാറിനെതിരെ ഉന്നയിച്ച ചോദ്യങ്ങളില്‍ മുഖമന്ത്രി മൗനം തുടരുകയാണ്. കരാറില്‍ യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ട നീക്കം വ്യക്തമാണ്. കരാറിന്റെ രേഖകള്‍ മുഖ്യമന്ത്രി പുറത്ത് വിടണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ടെന്‍ഡറോ കൂടാതെ വിഇഎച്ച് ഗ്ലോബലില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിപക്ഷ നേതാവ് വീണ്ടും പ്രതികരിച്ചത്. കരാറിൽ വന്‍ അഴിമതി നടന്നതായി അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.

വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങല്‍വില നിര്‍ണയിക്കാന്‍ പാടുള്ളൂ. എന്നാല്‍ വിഇഎച്ച് ഗ്ലോബലില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ വെറും ഓഫറുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തീരുമാനമെടുത്തതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നും പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒക്ടോബറില്‍ 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതിയാണ് വിഎച്ച് ഗ്ലോബലില്‍ നിന്നും കെഎസ്ഇബി വാങ്ങിയത്. ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ അതേ വഴിയിലാണ് വി എച്ച് ഗ്ലോബലും കെഎസ്ഇബിയുടെ മുന്നിലേക്ക് എത്തിയത്. ഈ ഇടപാടിലും ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Pinarayi Vijayan has described the VEH Global deal as daylight robbery and questioned the Chief Minister’s alleged intervention.

dot image
To advertise here,contact us
dot image