
ആലപ്പുഴ: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎൽഎ എച്ച് സലാം രംഗത്ത്. കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നിർമാണം ശരിയല്ലെന്നും യുദ്ധക്കളമാക്കിയെന്നുമുള്ള ജി സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് എച്ച് സലാം രംഗത്തുവന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു എച്ച് സലാമിന്റെ പ്രതികരണം.
എംഎൽഎ എന്ന നിലയിലും സ്മാരകസമിതിയുടെ ഭാഗമായും നിന്നുകൊണ്ട് പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിൽ താൻ വ്യക്തിപരമായ ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ട്. അമ്പലപ്പുഴ രാമവർമ്മ ചെയർമാൻ ആയിരുന്നപ്പോഴും പള്ളിപ്പുറം മുരളി ചെയർമാൻ ആയിരുന്ന കഴിഞ്ഞ സർക്കാരിന്റെ കാലത്തും സ്മാരക സമിതിയുടെ വൈസ് ചെയർമാനായി താൻ പ്രവർത്തിച്ചിരുന്നു. ആ സമയം മുതൽ സ്മാരകത്തിന്റെ വികസനത്തിന് വേണ്ടി ഏറെ താല്പര്യപൂർവ്വമാണ് താൻ പ്രവർത്തിക്കുന്നത് എന്നും എംഎൽഎ കുറിച്ചു. ശേഷം ജി സുധാകരനെതിരെ രൂക്ഷവിമർശനം നടത്തി. അനാവശ്യങ്ങൾ പലപ്പോഴും പറയുമ്പോഴും പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തത് കൊണ്ടോ പറയാൻ അറിയാത്തത് കൊണ്ടോ അല്ല, തന്നെ പോലെയുള്ളവരുടെ ഉള്ളിൽ ബഹുമാനം അവശേഷിക്കുന്നത് കൊണ്ടാണ്. അത് ഇനിയും കളഞ്ഞുകുളിക്കരുത് എന്നും എച്ച് സലാം മുന്നറിയിപ്പ് നൽകുന്നു.
സുധാകരൻ ഉദ്ഘാടനം ചെയ്ത പഴയ ഫലകം ഇപ്പോൾ ഇല്ല എന്ന വാദം തെറ്റാണെന്നും സലാം ചിത്രങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ട് പറയുന്നു. നിർമ്മാണത്തിന്റെ ഓരോ കാര്യങ്ങളും അതാത് സമയത്ത് സ്മാരകസമിതി ചർച്ച ചെയ്ത് കൊണ്ടും നിർമ്മാണ സബ്കമ്മിറ്റി മേൽനോട്ടം വഹിച്ചുകൊണ്ടുമാണ് നടത്തിയിട്ടുള്ളത്. മനോഹരമായ സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിച്ച സ്മാരക സമിതി അംഗങ്ങളുടെ അന്തസ്സ് ഇടിച്ചു താഴ്ത്താൻ ദയവായി പരിശ്രമിക്കരുത് എന്നും സുധാകരനോട് സലാം അഭ്യർത്ഥിക്കുന്നു.
കുഞ്ചൻ നമ്പ്യാർ സ്മാരകം പരിപാലനമില്ലാതെ നശിക്കുകയാണെന്നും താൻ എംഎൽഎ ആയിരുന്ന കാലത്ത് പണം അനുവദിച്ചതാണെന്നുമായിരുന്നു സുധാകരൻ പറഞ്ഞിരുന്നത്. സ്മാരകം ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്. പ്രതിമയും, ഹോളും മറ്റുമെല്ലാം നശിച്ചുതുടങ്ങിയിരിക്കുന്നു. എച്ച് സലാമിന്റെ പേര് എടുത്തുപറയാതെയായിരുന്നു സുധാകരന്റെ വിമർശനം. ഇതിനാണ് സലാം മറുപടിയുമായി രംഗത്തുവന്നിരിക്കുന്നത്.
കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ
കൊണ്ടാലറിയുമതിനില്ല സംശയം
-- കുഞ്ചൻനമ്പ്യാർ
അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമ്മിച്ച് യുദ്ധക്കളമാക്കിയെന്നും ശരിയായ തരത്തിലല്ല നിർമ്മാണം നടന്നത് എന്നുമുള്ള ചില പ്രസ്താവനകൾ സർക്കാരിനെയും നേതൃത്വം നൽകിയ കുഞ്ചൻനമ്പ്യാർ സ്മാരക സമിതിയെയും ജനപ്രതിനിധികളെയും അപമാനിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സ്മാരകത്തിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പാണ് നടത്തിയത്.
സർക്കാരിന്റെ ഭാഗമായും സ്മാരകസമിതിയുടെ ഭാഗമായും നിന്നുകൊണ്ട് പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിൽ ഞാൻ വ്യക്തിപരമായ ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ട്. ശ്രീ.അമ്പലപ്പുഴ രാമവർമ്മ ചെയർമാൻ ആയിരുന്നപ്പോഴും ശ്രീ.പള്ളിപ്പുറം മുരളി ചെയർമാൻ ആയിരുന്ന കഴിഞ്ഞ സർക്കാരിന്റെ കാലത്തും സ്മാരക സമിതിയുടെ വൈസ് ചെയർമാനായി ഞാൻ പ്രവർത്തിച്ചിരുന്നു. ആ സമയം മുതൽ സ്മാരകത്തിന്റെ വികസനത്തിന് വേണ്ടി ഏറെ താല്പര്യപൂർവ്വം ആണ് പ്രവർത്തിക്കുന്നത്.
പുതിയ മന്ദിരത്തിന്റെ ഡിസൈൻ തയാറാക്കുന്നത് മുതൽ ഇപ്പോഴത്തെ നിർമ്മാണം പൂർത്തിയാകും വരെ ഓരോ ഘട്ടത്തിലും ഞാൻ നേതൃത്വം നൽകിയിട്ടുണ്ട്. ആഡിറ്റോറിയം നിർമ്മാണം സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ വായിൽതോന്നും പോലെ വിവരക്കേട് പറയുന്നതിന് പകരം വിജിലൻസ് ഉൾപ്പെടെയുള്ള ഏതെങ്കിലും നിയമസംവിധാനത്തിന് പരാതി നൽകി അന്വേഷിപ്പിക്കുകയാണ് വേണ്ടത്.
എം എൽ എ ആയി പ്രവർത്തിക്കുന്ന ഞാനും കുഞ്ചൻ നമ്പ്യാർ സമിതി ചെയർമാനും അംഗങ്ങളുമെല്ലാം അന്തസോടെ ജീവിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ്. അനാവശ്യമായി ആക്ഷേപിക്കാൻ തുനിയരുത്.
കുഞ്ചൻ നമ്പ്യാർ സ്മാരകം അമ്പലപ്പുഴയിലെ ഏറ്റവും മികച്ച ആഡിറ്റോറിയമായി നിർമ്മിക്കുവാൻ സ്മാരക സമിതി അഭിമാനകരമായി നേതൃത്വം നൽകിയിട്ടുണ്ട്. അനാവശ്യങ്ങൾ പലപ്പോഴും പറയുമ്പോഴും പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തത് കൊണ്ടോ പറയാൻ അറിയാത്തത് കൊണ്ടോ അല്ല, എന്നെ പോലെയുള്ളവരുടെ ഉള്ളിൽ ബഹുമാനം അവശേഷിക്കുന്നത് കൊണ്ടാണ്. അത് ഇനിയും കളഞ്ഞുകുളിക്കരുത്.
ശ്രീ ജി.സുധാകരൻ ഉദ്ഘാടനം ചെയ്ത പഴയ ഫലകം ഇല്ല എന്നും രണ്ടാം ഘട്ടം ശിലാസ്ഥാപനം തെറ്റായി നടത്തി എന്നുമൊക്കെ വാർത്ത വരുത്തിയിരിക്കുന്നു. നുണകൾ ചേർത്തുള്ള ഈ വ്യായാമം എന്തിന്,ആർക്കുവേണ്ടി നടത്തുന്നു?
ശ്രീ.ജി.സുധാകരൻ നിർദ്ദേശിച്ച ആസ്തിവികസന ഫണ്ട് 1.5 കോടി ഉപയോഗിച്ചുള്ള നിർമ്മാണത്തിന്റെ ഉദ്ഘാടനമാണ് 14/ 2/ 2021 ൽ ശ്രീ ജി.സുധാകരൻ നിർവഹിച്ചത്. അത് അവിടെ സ്ഥാപിച്ചിട്ടുള്ള ഫലകത്തിൽ കാണാം. 3 കോടി ബഡ്ജറ്റ് ഫണ്ടിന്റെ സാങ്കേതിക അനുമതി ലഭിച്ചത് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 16/ 10 / 2022 തീയതിയിലാണ്. പുതിയ കമ്മറ്റി ചുമതല എടുത്തുകഴിഞ്ഞ് ടെണ്ടർ ചെയ്തതിന് ശേഷം 5 / 5/ 2023 ൽ കുഞ്ചൻദിനത്തിൽ MLA എന്ന നിലയിൽ 3 കോടിയുടെ ഓഡിറ്റോറിയം നിർമ്മാണ ഉദ്ഘാടനം നടത്തി.
നിർമ്മാണത്തിന്റെ ഓരോ കാര്യങ്ങളും അതാത് സമയത്ത് സ്മാരകസമിതി ചർച്ച ചെയ്ത് കൊണ്ടും നിർമ്മാണസബ്കമ്മിറ്റി മേൽനോട്ടം വഹിച്ചുകൊണ്ടുമാണ് നടത്തിയിട്ടുള്ളത്. MLA എന്ന നിലയിൽ എല്ലാ മാസവും ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പരിശോധന നടത്തിയുമാണ് നിർമ്മാണം പൂർത്തിയാക്കിയത്. സാംസ്കാരികകേന്ദ്രത്തിന്റെ ഭാഗമായ ഊട്ടുപുരയുടെ 2 കോടി ഉപയോഗിച്ചുള്ള നിർമ്മാണവും ഏതാനും മാസങ്ങൾ കൊണ്ട് പൂർത്തിയാക്കും.മനോഹരമായ സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിച്ച സ്മാരക സമിതി അംഗങ്ങളുടെ അന്തസ്സ് ഇടിച്ചു താഴ്ത്താൻ ദയവായി പരിശ്രമിക്കരുത്. പിണറായി സർക്കാരിന്റെ മികവായി, നമ്പ്യാരുടെ കർമ്മഭൂമിയായ അമ്പലപ്പുഴയിൽ അഭിമാനസ്തംഭമായി കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നും തല ഉയർത്തിത്തന്നെ നിൽക്കും..
Content Highlights: H salam MLA against G Sudhakaran