
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ നിലപാട് വിശദീകരിക്കുന്ന വിദേശ പ്രതിനിധി സംഘത്തില്‍ ഇന്ത്യാസഖ്യം എംപിമാരും. സര്‍വകക്ഷി സംഘത്തിന്റെ തലവനായി ശശി തരൂരിനെ ചുമതലപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പഹല്‍ഗാം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള വിവരങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സംഘത്തെ അയക്കുന്നത്.
മെയ് 22 മുതല്‍ ജൂണ്‍ 10 വരെ നീണ്ടു നില്‍ക്കുന്ന യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയുടെ എംപിമാരെ പല ഗ്രൂപ്പായി തിരിച്ച് വിടാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ആദ്യ സംഘത്തിന്റെ തലവനായാണ് ശശി തരൂരിനെ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരുമായി സംസാരിച്ചുവെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
വിദേശ കാര്യ പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍, വിദേശകാര്യ വിഷയങ്ങളിലെ അഗാധമായ പ്രാവീണ്യം, യുഎന്നില്‍ പരിചയമുള്ളതിനാല്‍ വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയത്തില്‍ കൂടുതല്‍ വ്യക്തത വരും തുടങ്ങിയ ഘടകങ്ങളാണ് ശശി തരൂരിനെ സംഘ തലവനായി ചുമതലയേല്‍പ്പിക്കാനുള്ള പ്രധാന കാരണങ്ങളെന്നാണ് സൂചന. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യും.
ശശി തരൂരിനെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരി, അമര്‍ സിംഗ് എന്നിവരും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി, എന്‍സിപി നേതാവ് സുപ്രിയ സുലേ, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജീവ് റായ്, ബിജു ജനതാ ദള്‍ നേതാവ് സസ്മിത് പത്ര, തുടങ്ങിയവരാണ് പ്രതിപക്ഷത്ത് നിന്നും സംഘത്തിലുള്ളത്. സര്‍വകക്ഷി സംഘവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സമിക് ഭട്ടാചാര്യ, അനുരാഗ് താക്കൂര്‍ തുടങ്ങിയവരാണ് ഭരണപക്ഷത്ത് നിന്നും സംഘത്തിലുള്ളത്.
Content Highlights: Pahalgam-Operation Sindoor India alliance in foreign delegation Shashi Tharoor to lead