
കൊല്ലം : സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ ഏകോപനത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന 'എന്റെ കേരളം പ്രദർശന വിപണന മേള'യിലെ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.
മേളയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് മന്ത്രി കെഎഫ്‌സിയുടെ സ്റ്റാളിലെത്തിയത്. സ്റ്റാളിലെ 'എന്റെ കേരളം മെഗാ ക്വിസ്' മത്സരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഇരവിപുരം എംഎൽഎ എം നൗഷാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. കെഎഫ്‌സി എക്‌സിക്യൂട്ടിവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, മറ്റ് കെഎഫ്‌സി ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്റ്റാർട്ടപ്പുകൾക്കും മറ്റ് വ്യവസായങ്ങൾക്കും 5 കോടി രൂപവരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്ന കേരള ഫിനാൻഷ്യൽ കോർപറേഷൻ രാജ്യത്തെ തന്നെ മികച്ച സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷനുകളിലൊന്നാണെന്ന് ഉദ്ഘാടനത്തിന് ശേഷം മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കും കെ എഫ് സി വായ്പാ സഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നാലുവർഷം മുൻപ് 4500 കോടി രൂപയായിരുന്ന കെ എഫ് സിയുടെ വായ്പാ ആസ്തി ഇപ്പോൾ 8500 കോടി രൂപയായി ഉയർന്നുവെന്നും അത് 10000 കോടി രൂപയിലേയ്‌ക്കെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്റെ കേരളം പരിപാടിയിലെ അഞ്ച് ജില്ലകളിലുള്ള (കോഴിക്കോട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, തൃശൂർ) കേരള ഫിനാൻഷ്യൽ കോർപറേഷന്റെ സ്റ്റാളുകളിൽ നടത്തുന്ന 'എന്റെ കേരളം മെഗാ ക്വിസി'ന്റെ ബമ്പർ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത് ആപ്പിൾ ഐ ഫോൺ 16 ആണ്.
ഇതുകൂടാതെ പ്രീമിയം ടാബ്ലറ്റുകൾ, പ്രീമിയം ഹെഡ്‌ഫോണുകൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് മത്സരം ഇതിനകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു. കെഎഫ്‌സിയുടെ വായ്പാ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്ററുകളും ബ്രോഷറുകളും സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് കേരള ഫിനാൻഷ്യൽ കോർപറേഷൻ നൽകുന്ന സംഭാവനകൾ സാധാരണക്കാരായ ജനങ്ങളിലേയ്‌ക്കെത്തിക്കുകയും കോർപറേഷന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് കെഎഫ്‌സി ലക്ഷ്യമിടുന്നത്.
ധനകാര്യവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കെഎഫ്‌സി സ്ഥാപിതമായതിന് ശേഷം ഇതുവരെ 75,000ത്തോളം വ്യാവസായിക യൂണിറ്റുകൾക്ക് വായ്പാസഹായം ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒൻപത് വർഷമായി അഭൂതപൂർവമായ പുരോഗതിയാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ കൈവരിച്ചത്. 2023-24 സാമ്പത്തികവർഷത്തിൽ കോർപറേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വാർഷികലാഭമായ 74.04 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
Content Highlights: Finance minister inaugurates Financial corporation's stall at Ente Keralam Exhibition