ചൈനയിൽ നിന്ന് യുഎസിലേക്ക് സൈബ‍‍‍ർ ക്യാബിൻ്റെ ഭാ​ഗങ്ങൾ കയറ്റുമതി നടത്താനൊരുങ്ങി ടെസ്‌ല; റിപ്പോ‍‍‍ർട്ട്

ഒക്ടോബറോടുകൂടി സൈബർ ക്യാബും സെമി ട്രക്കും പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

dot image

ഷാങ്ഹായ്: ചൈന- യുഎസ് വ്യാപാര യുദ്ധം അയഞ്ഞതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ കയറ്റുമതി തുടങ്ങാൻ ടെസ്‌ല. ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് സൈബർ ക്യാബിൻ്റെയും സെമിട്രെക്കിൻ്റെയും ഭാഗങ്ങൾ കയറ്റുമതി നടത്താൻ ടെസ്‌ല ഒരുങ്ങുന്നുവെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബറോടുകൂടി സൈബർ ക്യാബും സെമി ട്രക്കും പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

സ്വിറ്റ്സർലൻ്റിലെ ജനീവയിൽ നടന്ന വ്യാപാര ചർച്ചയ്ക്ക് പിന്നാലെയായിരുന്നു അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവയുദ്ധം അവസാനിച്ചത്. ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ യുഎസ് 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ചൈനയും അമേരിക്കൻ ഇറക്കുമതികൾക്ക് മേലുള്ള തീരുവ 120 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 90 ദിവസത്തേക്കാണ് താരിഫ് പിൻവലിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. ഇതിന് പിന്നാലെയാണ് സൈബർ ക്യാബിൻ്റെയും സെമിട്രെക്കിൻ്റെയും ഭാഗങ്ങൾ കയറ്റുമതി നടത്താൻ ടെസ്‌ല ഒരുങ്ങുന്നതെന്നാണ് വിവരം.

വ്യാപാര യുദ്ധത്തിന്റെ പോര് മുറുക്കിയായിരുന്നു യുഎസും ചൈനയും തീരുവയുദ്ധം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരുന്നു ആദ്യം തീരുവകൾ വർധിപ്പിച്ച് പോരിന് തുടക്കമിട്ടത്. അമേരിക്കയുടെ പണം അമേരിക്കയ്ക്ക് ലഭിക്കണമെന്നും മറ്റ് രാജ്യങ്ങൾ തങ്ങളെ ചൂഷണം ചെയ്യുകയാണും ആരോപിച്ചായിരുന്നു ട്രംപ് തീരുവ വർധിപ്പിച്ചത്.

ചൈനയ്ക്കുമേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് ചൈന രംഗത്തുവന്നിരുന്നു. തുടർന്ന് പകരത്തിനു പകരം എന്ന രീതിയിൽ ചൈനയും യുഎസിന് മേൽ അധിക തീരുവ പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: Tesla to resume shipping Chinese parts to US

dot image
To advertise here,contact us
dot image