മോഷണക്കുറ്റം ചുമത്തി ദളിത് യുവതിക്ക് സ്റ്റേഷനിൽ പീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി ജി പി

റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്

dot image

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി ജി പി. തിരുവനന്തപുരം പേരൂർക്കട പൊലീസിന്റെ ക്രൂരതയിലാണ് അന്വേഷണം. കന്‍റോണ്‍മെന്‍റ് എ സി പിക്കാണ് അന്വേഷണ ചുമുതല നൽകിയിരിക്കുന്നത്. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കുവാൻ ഡിജിപി നിർദ്ദേശിച്ചു. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് അന്വേഷണ ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ 23നാണ് നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞത്. മൂന്ന് ദിവസമാണ് ബിന്ദു ഈ വീട്ടിൽ ജോലിക്ക് പോയത്. മറ്റൊരു വീട്ടിലെ ജോലി കഴിഞ്ഞു വരുമ്പോഴാണ് പൊലീസ് ബിന്ദുവിനെ വിളിപ്പിച്ചത്. തുടർന്ന് മാനസികമായി പീഡിപ്പിച്ചെന്നും ബിന്ദു പറഞ്ഞിരുന്നു.

ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും 'മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.

മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു പറഞ്ഞിരുന്നു.

തനിക്ക് സഹിക്കാൻ പറ്റാത്ത അപമാനമാണ് ഉണ്ടായത്. എല്ലാ പൊലീസുകാരും തന്നെ കള്ളിയാക്കാനാണ് ശ്രമിച്ചത്. ഈ പൊലീസുകാരെ വെറുതെ വിടരുതെന്നും തനിക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാതെയായെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഏജൻസി വഴിയാണ് ബിന്ദുവിന് ജോലി ലഭിച്ചിരുന്നത്. ഈ പ്രശ്നം കാരണം മറ്റ് ജോലികൾ കിട്ടാൻ ബുദ്ധിമുട്ടാകുന്നുവെന്നും ബിന്ദു പറഞ്ഞു. ബിന്ദു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Content Highlight: The incident of rape of a Dalit woman at the station on the charge of theft; DGP ordered investigation

dot image
To advertise here,contact us
dot image