
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാഗ്രത നിർദേശം. തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു. കൊച്ചിയിൽ കരയിലും കടലിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. വ്യോമനിരീക്ഷണം ശക്തിപ്പെടുത്തുന്നതിനൊപ്പം വിമാനത്താവളങ്ങൾ, തുറമുഖം തുടങ്ങിയവയിലടക്കം നിരീക്ഷണം തുടരുന്നുണ്ട്. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി.
അതേസമയം ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്.
രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
Content Highlights:India-Pakistan conflict, Alert issued in Kerala too