മോന്‍സണ്‍ മാവുങ്കലിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഇടക്കാല ജാമ്യം അനുവദിച്ചു

പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്

dot image

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ജാമ്യം അനുവദിച്ചത്. ഒരാഴ്ച്ചത്തേക്കാണ് ജാമ്യം. ജസ്റ്റിസുമാരായ പി ഗോപിനാഥ്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2021 സെപ്റ്റംബര്‍ മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയുളള കോടതിയുടെ ഉത്തരവ്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും മെയ് 11-ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം നല്‍കിയുളള കോടതി ഉത്തരവില്‍ പറയുന്നുണ്ട്.


ഇടക്കാല ജാമ്യം ഒരുകാരണവശാലും നീട്ടില്ലെന്നും വിയ്യൂര്‍ ജയിലില്‍ മെയ് 14-ന് വൈകീട്ട് അഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശമുണ്ട്. ഹര്‍ജി വീണ്ടും 19-ന് പരിഗണിക്കാന്‍ മാറ്റി. പോക്‌സോ കേസിലും പ്രതിയാണ് മോന്‍സണ്‍ മാവുങ്കല്‍. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് നിലവിലുളളത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി പത്തുകോടി രൂപയോളം തട്ടിയെടുത്തു എന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ്.

Content Highlights: fake antique dealer monson mavunkal gets interim bail for daughters marriage

dot image
To advertise here,contact us
dot image