
തിരുവനന്തപുരം: കാട്ടാക്കടയിൽ 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയുടേതാണ് വിധി. പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30-നാണ് പ്രതി തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം വാഹനാപകടമെന്നായിരുന്നു കരുതിയത്. എന്നാൽ മനപൂർവം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുൻപ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
പുളിങ്കോട് ക്ഷേത്രത്തിലെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയെന്നാണ് കേസ്. സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: kattakkada adishekhar case accused was sentenced to life imprisonment