കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടി; തമിഴ്‌നാട് ഉത്തരവുകളില്‍നിന്ന് 'കോളനി' നീക്കിയതില്‍ രാധാകൃഷ്ണന്‍

സര്‍ക്കാര്‍ ഉത്തരവുകളില്‍ നിന്നും രേഖകളില്‍ നിന്നും 'കോളനി' എന്ന വാക്ക് നീക്കുമെന്ന് എം കെ സ്റ്റാലിന്‍ നിയമസഭയില്‍ ഇന്ന് വ്യക്തമാക്കിയിരുന്നു

dot image

തിരുവനന്തപുരം: കേരളത്തിന് പിന്നാലെ 'കോളനികള്‍' എന്ന വിളിപ്പേര് തമിഴ്‌നാടും ഒഴിവാക്കിയതില്‍ സന്തോഷമെന്ന് മുന്‍ മന്ത്രിയും എംപിയുമായ കെ രാധാകൃഷ്ണന്‍. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് നമ്മള്‍ വഴികാട്ടികളാകുന്നു എന്നത് ഒരിക്കല്‍ കൂടി അന്വര്‍ത്ഥമാകുന്നുവെന്ന് മന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു കെ രാധാകൃഷ്ണന്റെ പ്രതികരണം.

'നമ്മുടെ സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരും കോളനികള്‍ എന്ന വിളിപ്പേര് ഒഴിവാക്കുന്നു. തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി സ്റ്റാലിനാണ് ഈ പ്രഖ്യാപനം നടത്തിയത്. പട്ടിക വിഭാഗ വികസന വകുപ്പുകളുടെ ചുമതല ഞാന്‍ നിര്‍വഹിക്കുമ്പോള്‍ 2024 ജൂണ്‍ 18നാണ് കേരളത്തില്‍ കോളനികള്‍ എന്ന പേര് ഒഴിവാക്കി പകരം ഉന്നതികളും നഗറുകളുമാക്കിയത്. പതിറ്റാണ്ടുകളായി ദുഃസൂചനകളോടെ വിളിക്കപ്പെട്ടിരുന്ന പേര് രേഖകളില്‍ നിന്നുതന്നെ ഒഴിവാക്കുകയായിരുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നമ്മള്‍ വഴികാട്ടികളാകുന്നു എന്ന പേര് ഒരിക്കല്‍ കൂടി അന്വര്‍ത്ഥമാകുന്നു… സന്തോഷം', കെ രാധാകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവുകളില്‍ നിന്നും രേഖകളില്‍ നിന്നും 'കോളനി' എന്ന വാക്ക് നീക്കുമെന്ന് എം കെ സ്റ്റാലിന്‍ നിയമസഭയില്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ജാതിവിവേചനത്തിന്റെയും കീഴാളര്‍ അനുഭവിച്ച തൊട്ടുകൂടായ്മയുടെയും പ്രതീകമാണ് കോളനി എന്ന വാക്ക്. നമ്മുടെ മണ്ണില്‍ പണ്ട് കാലം മുതല്‍ക്കേ ജീവിച്ചുവരുന്ന മനുഷ്യരെ അപമാനിക്കാന്‍ വേണ്ടിയാണ് ഈ വാക്ക് ഉപയോഗിക്കുന്നത് എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

'കോളനി' എന്ന വാക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിസികെ എംഎല്‍എ സിന്തനൈ സെല്‍വന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷമാണ് കേരളം 'കോളനി' എന്ന വാക്ക് ഔദ്യോഗികമായി ഒഴിവാക്കിയത്. കെ രാധാകൃഷ്ണന്‍ മന്ത്രി പദം ഒഴിയുന്നതിന് മുമ്പായിരുന്നു പേരിനൊപ്പമുള്ള 'കോളനി' എന്ന വാക്ക് ഒഴിവാക്കുന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്.

കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് നിര്‍ദേശം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളന്മാര്‍ ഉണ്ടാക്കിയതാണ്. പേര് കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുമെന്നും ഉത്തരവിന് പിന്നാലെ കെ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

Content Highlights: K Radhakrishnan responds on TamilNadu decision to remove Colony word

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us