'കേരളത്തിൽ ആവശ്യാനുസരണം ലഹരി ലഭിക്കുന്നു, കർശനനടപടി വേണം'; നിയമസഭയിൽ പ്രതിപക്ഷനേതാവ്

ലഹരി വിതരണം തടയാൻ രണ്ട് ഐജിമാർക്ക് സ്വതന്ത്രചുമതല നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

'കേരളത്തിൽ ആവശ്യാനുസരണം ലഹരി ലഭിക്കുന്നു, കർശനനടപടി വേണം'; നിയമസഭയിൽ പ്രതിപക്ഷനേതാവ്
dot image

തിരുവനന്തപുരം : കേരളത്തിൽ ആവശ്യാനുസരണം ലഹരി ലഭിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. കഞ്ചാവിന്റെ ഉപയോഗം കുറയുമ്പോൾ സിന്തറ്റിക്ക് ഉപയോഗം കൂടുന്നുവെന്നും ലഹരി വിതരണം തടയാൻ രണ്ട് ഐജിമാർക്ക് സ്വതന്ത്രചുമതല നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാണ് അതിൽ തീരുമാനമെടുക്കേണ്ടത്. ലഹരി വിതരണം തടയേണ്ടവർ ബോധവത്കരണം നടത്തി നടക്കുന്നു. ബോധവൽക്കരണം വേണ്ടെന്നല്ല അത് മറ്റേതെങ്കിലും വകുപ്പിനെ ഏൽപ്പിച്ച ശേഷം ലഹരി കച്ചവടത്തിന് തടയിടാനുള്ള ഇടപെടലുകൾ അത്യാവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലഹരി പിടിക്കാൻ സംസ്ഥാനത്ത് സേനയെ സജ്ജമാക്കണം. വിദ്യാർത്ഥി രാഷ്ട്രീയമുള്ളിടത്തും ലഹരിയും റാഗിംഗുo നടക്കുന്നു എന്നത്ആശങ്കാജനകമാണ് എന്നും വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. അതേ സമയം നിയമസഭയില്‍ രമേശ് ചെന്നിത്തല അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മേലെയുള്ള ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. സ്‌കൂളുകളില്‍ ലഹരിയും ആക്രമണവും വ്യാപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിയാണെന്നും കേരളം നീരാളി പിടുത്തത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്ന് അഭിസംബോധന ചെയ്താണ് രമേശ് ചെന്നിത്തല സംസാരിച്ചത്. 'രാസ ലഹരിയില്‍ മൂല്യബോധം നഷ്ടപ്പെട്ടവര്‍ എന്ത് ക്രൂരതയും ചെയ്യും. സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്. മയക്കുമരുന്ന് കുട്ടികളുടെ ജീവിതത്തെ തകര്‍ക്കുന്നു. നമ്മുടെ യുവത്വം പുകഞ്ഞ് ഇല്ലാതാകുന്നു. അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു. ഈ വിപത്തിനെ ഒന്നിച്ച് നിന്ന് എതിര്‍ക്കണം. ലഹരിയെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഇതിന് മുന്നിട്ടിറങ്ങണം', എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിമുക്തി പരാജയപ്പെട്ട പദ്ധതിയായി മാറിയെന്നും സര്‍ക്കാരിന്റെ വിമുക്തി പദ്ധതി പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലകളില്‍ വിമുക്തിക്ക് കോര്‍ഡിനേറ്റര്‍മാരില്ല. ആവശ്യത്തിന് വാഹനമില്ല. വേണ്ട സൗകര്യമില്ല. കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നു. കേരളം ലഹരി മാഫിയയുടെ പിടിയിലമരുമ്പോഴാണ് ഡിസ്ലറിയും ബ്രൂവറിയും സര്‍ക്കാര്‍ കൊണ്ട് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാലയങ്ങളില്‍ റാഗിംഗ് വ്യാപകമാണെന്നും നേതൃത്വം നല്‍കുന്നത് എസ്എഫ്‌ഐയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേ സമയം നിയമസഭയില്‍ മുഖ്യമന്ത്രിയും ക്ഷുഭിതനായി. നാടിന്റെ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് ഇടയ്ക്കിടെ പറയുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളിക്കുന്നതില്‍ എന്താണ് തെറ്റെന്ന് തിരിച്ച് ചോദിച്ച ചെന്നിത്തല കൂട്ടക്കൊലപാതകങ്ങളും ലഹരി വ്യാപനവും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ ലഹരി മാഫിയ അടിച്ചമര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷക്കാലം സര്‍ക്കാര്‍ എവിടെയായിരുന്നു. അക്രമകാരികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കരുത്. സര്‍ക്കാര്‍ ലഹരി മാഫിയയെ അടിച്ചമര്‍ത്തണം. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

content highlights : drugs are available on demand in Kerala, strict action is needed'; Leader of the Opposition in the Legislative Assembly

dot image
To advertise here,contact us
dot image