

കോഴിക്കോട്: കേന്ദ്രബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രത്തിനുമുന്നില്‍ പിച്ചച്ചട്ടിയുമായി നില്‍ക്കാന്‍ സൗകര്യമില്ലെന്നും കേരളത്തെ നിരോധിച്ച ബജറ്റ് ആണ് കേന്ദ്രബജറ്റെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവനക്കെതിരെയും മന്ത്രി പ്രതികരിച്ചു.
ജോര്‍ജ് കുര്യന്‍ കേരളത്തെ അപമാനിച്ചു. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം. കേരളത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രം മാതൃകയാക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത്. കേരളത്തെ നരകിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശം. കേരള ഫ്രണ്ട്‌ലി ബജറ്റ് എന്ന് പറയുന്ന കെ സുരേന്ദ്രന്‍ കേരളത്തെ പരിഹസിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ വിചിത്ര വാദം മുന്നോട്ടുവെച്ചത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ സഹായം കിട്ടുമെന്നായിരുന്നു ജോര്‍ജ് കുര്യന്റെ പ്രസ്താവന. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി പറഞ്ഞിരുന്നു.
Content Highlight: Minister muhammad riyas against George Kurian