എകെജി സെന്റർ ആക്രമണം: കുറ്റപത്രം സമർപ്പിച്ചു; മുഖ്യ ആസൂത്രകരെ പിടികൂടാനാവാതെ പൊലീസ്

ആക്രണം നടന്ന് രണ്ട് കൊല്ലമാവുമ്പോഴും മുഖ്യആസൂത്രകരെ പിടികൂടാനാകാതെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

dot image

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. പടക്കമെറിഞ്ഞത് വി ജിതിനും സഹായിച്ചത് ടി നവ്യയുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കെപിസിസി ഓഫീസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധത്തിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ആക്രമണത്തിന് നിർദേശിച്ച യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ട് പേരെ പിടികൂടിയിട്ടില്ല. ഇവർക്കെതിരെ പ്രത്യേക കുറ്റപത്രം നൽകും. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും വാഹനത്തിന്റെ ഉടമ സുധീറിനുമെതിരെയാണ് പ്രത്യേക കുറ്റപത്രം സമർപ്പിക്കുക. സുഹൈലും സുധീഷും വിദേശത്തേക്ക് കടന്നെന്നാണ് സൂചന. നിവ്യയാണ് വാഹനം എത്തിച്ച് നൽകിയതെന്നും കുറ്റപത്രത്തിലുണ്ട്.

2022 ജൂലൈ ഒന്നിനായിരുന്നു വലിയ കോളിളക്കം സൃഷ്ടിച്ച എകെജി സെന്റർ ആക്രമണം. എകെജി സെന്ററിന്റെ ഗേറ്റിൽ പ്രതികൾ പടക്കമെറിയുകയായിരുന്നു. എറിഞ്ഞവരെ കണ്ടെത്താനാകാതെ പകരം എറിഞ്ഞവരെത്തിയ സ്കൂട്ടർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങളുയർന്നിരുന്നു. ഒടുവിൽ 85-ാം ദിവസമാണ് വി ജിതിനെ പൊലീസ് പിടികൂടിയത്. പിന്നാലെ ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് നിവ്യയാണെന്നും കണ്ടെത്തി.

വിദേശത്തുള്ള സുഹൈലിനെയും സുധീഷിനെയും പിടികൂടാന് ലുക്കൗട്ട് നോട്ടിസ് ഇറക്കിയെങ്കിലും ഇരുവരും നാട്ടിലെത്തിയില്ല. ആക്രണം നടന്ന് രണ്ട് കൊല്ലമാവുമ്പോഴും മുഖ്യ ആസൂത്രകരെ പിടികൂടാനാകാതെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇരുവരെയും നാട്ടിലെത്തിക്കാന് റെഡ് കോര്ണര് നോട്ടിസ് പുറപ്പെടുവിക്കുമെന്നും ശേഷം കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിലവിലെ വിശദീകരണം.

dot image
To advertise here,contact us
dot image