റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കൽ; നിയമോപദേശം തേടി റെഗുലേറ്ററി കമ്മീഷൻ

കരാറുകൾ പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം നീളാനാണ് സാധ്യത.

dot image

തിരുവനന്തപുരം: റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിയമോപദേശം തേടി. കരാർ പുനഃസ്ഥാപിക്കാൻ ഉത്തരവിറക്കേണ്ടതിന് പകരം കത്ത് നൽകിയതിലും കരാർ റദ്ദാക്കിയതിനെതിരെ അപ്പീൽ നിലനിൽക്കെ പുനഃസ്ഥാപിക്കണമെന്ന ആവശ്യം കമ്മീഷന് പരിഗണിക്കാമോ എന്നതിലുമാണ് സുപ്രീംകോടതിയിലെ സ്റ്റാൻഡിങ് കൗൺസിലിൽ നിന്ന് നിയമോപദേശം തേടിയത്. കമ്മീഷന്റെ പുതിയ നീക്കത്തോടെ കരാറുകൾ പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം നീളാനാണ് സാധ്യത.

കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാറുകൾ മെയ് മാസത്തിൽ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിരുന്നു. ഈ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ ആഴ്ചയാണ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. വൈദ്യുതി നിയമത്തിന്റെ 108-ാം വകുപ്പ് പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ പ്രത്യേകം ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷനോട് ആവശ്യം ഉന്നയിക്കുന്നതിന് പകരം ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കത്ത് മുഖാന്തരമാണ് കരാർ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടത്.

ഇതാണ് നിയമോപദേശം തേടാൻ കമ്മീഷനെ പ്രേരിപ്പിച്ച പ്രധാന ഘടകം. കരാറുകൾ റദ്ദാക്കിയ റഗുലേറ്ററി കമ്മീഷൻ നടപടിക്കെതിരെ കെഎസ്ഇബി അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി നിലനിൽക്കെ ഉത്തരവിറക്കിയ കമ്മീഷനു തന്നെ ആവശ്യം പരിഗണിക്കാനാകുമോയെന്നും വ്യക്തമാകേണ്ടതുണ്ട്. കരാറുകൾ റദ്ദാക്കാൻ കമ്മീഷൻ ചൂണ്ടിക്കാണിച്ച നടപടിക്രമങ്ങളിലെ അപാകതകൾ അംഗീകരിക്കാതെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് കത്തിൽ പറയുന്നത്. ഇതെല്ലാം സർക്കാർ നിർദേശം ഉടൻ നടപ്പാക്കുന്നതിന് മുമ്പ് നിയമവശങ്ങൾ വിശദമായി പരിഗണിക്കാൻ കമ്മീഷനെ പ്രേരിപ്പിച്ചു.

സ്റ്റാൻഡിങ് കൗൺസിലിന്റെ നിയമോപദേശം ലഭിച്ച ശേഷം മാത്രമായിരിക്കും ഇനി കമ്മീഷന്റെ തുടർ നടപടികൾ. ഈ മാസം 30-ന് കെഎസ്ഇബിയുടെ ഹർജി ട്രിബ്യൂണൽ പരിഗണിക്കുന്നുണ്ട്. സർക്കാർ കൂടി കക്ഷി ചേർന്ന സാഹചര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

dot image
To advertise here,contact us
dot image