
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്തും. ജൂണ്‍ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തീയതി പ്രഖ്യാപിച്ചത്. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായും സമര്‍പ്പിക്കാം. അതേ സമയം വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് 99.5 ആണ് എസ്എസ്എൽസി വിജയശതമാനം. 4,24,583 വിദ്യാർഥികൾ വിജയിച്ചതായും 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2,331 സ്കൂളുകൾ 100% വിജയം നേടി. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. വിജയ ശതമാനത്തിൽ മുൻ വർഷത്തേക്കാൾ നേരിയ കുറവുണ്ട്.
എ പ്ലസ് ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4115 വിദ്യാർഥികൾക്കാണ് ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. സെൻ്റ് ജോസഫ് പെരട്ട കണ്ണൂരിലും തിരുവനന്തപുരം ഫോർട്ട് സ്കൂളിലുമാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഓരോ വിദ്യാർഥികൾ വീതമാണ് ഇവിടെ പരീക്ഷ എഴുതിയത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. 72 ക്യാമ്പുകളിലാണ് മൂല്യനിർണയം നടന്നത്.
content highlights : SSLC say exam from May 28; exam results to be declared by the end of June