
കേരള ബോക്സ് ഓഫീസിനെ തകർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ തുടരും. മികച്ച പ്രതികരണം നേടുന്ന സിനിമ ഇതിനോടകം പല റെക്കോർഡുകളും തകർത്തുകഴിഞ്ഞു. ചിത്രം 150 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ പ്രേക്ഷകർ എല്ലാവരും കാത്തിരുന്ന ചിത്രത്തിലെ 'കണ്മണി പൂവേ' എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.
ലാലേട്ടൻ അവതരിപ്പിച്ച ഷണ്മുഖന്റെയും കുടുംബത്തിന്റെയും നിമിഷങ്ങളാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. എം ജി ശ്രീകുമാർ ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ബി കെ ഹരിനാരായണൻ ആണ് വരികൾ എഴുതിയിരിക്കുന്നത്. അതേസമയം, ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ കേരളത്തിൽ നിന്ന് ചിത്രം 100 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
50 ലക്ഷത്തിലധികം പ്രേക്ഷകരാണ് കേരളത്തിൽ തുടരും തിയേറ്ററിൽ കണ്ടത്. 2010 ന് ശേഷം 50 ലക്ഷം ഫുട്ട്ഫോൾസ് കിട്ടുന്ന അഞ്ചാമത്തെ മോഹൻലാൽ സിനിമയാണ് ഇത്. നിലവിൽ ലിസ്റ്റിൽ പത്താം സ്ഥാനത്താണ് തുടരും. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റു മോഹൻലാൽ സിനിമകൾ. ഇതിൽ ദൃശ്യം ഒന്നാം സ്ഥാനത്തും പുലിമുരുകൻ രണ്ടാം സ്ഥാനത്തുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ നാലാം സ്ഥാനത്തും എമ്പുരാൻ ഒൻപതാം സ്ഥാനത്തുമാണ്.
സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Content Highlights: Thudarum kanmani poove video song out now