
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനത്ത് റോബ് വാൾട്ടറിന് പകരക്കാരനായി ഷുക്രി കോൺറാഡിനെ നിയമിച്ചു. ദക്ഷിണാഫ്രിക്കൻ ടീമിനെ ഇനി എല്ലാ ഫോർമാറ്റുകളിലും കോൺറാഡ് ആണ് പരിശീലിപ്പിക്കുക. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയെ ഫൈനലിൽ എത്തിക്കാൻ കഴിയാതിരുന്നതോടെയാണ് റോബ് വാള്‍ട്ടർ പരിശീലക സ്ഥാനം രാജിവെച്ചത്.
നിലവിൽ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിന്റെ പരിശീലകനാണ് കോൺറാഡ്. ജൂലൈയിലെ ന്യൂസിലാൻഡ്, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയോടെ കോൺറാഡ് ദക്ഷിണാഫ്രിക്കൻ വൈറ്റ് ബോൾ ടീമിന്റെയും പരിശീലകസ്ഥാനം ഏറ്റെടുക്കും. 2027ലെ ഏകദിന ലോകകപ്പ് വരെയാണ് കോൺറാഡിന്റെ നിയമനം.
'ദക്ഷിണാഫ്രിക്കയെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും പരിശിലീപ്പിക്കാൻ ലഭിച്ച അവസരത്തിൽ ഞാൻ സന്തോഷിക്കുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക കരുത്തരാണ്. ഉടൻ തന്നെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,' കോൺറാഡ് പ്രതികരിച്ചു.
Content Highlights: Shukri Conrad replaces Rob Walter as South Africa's white-ball head coach