'ഇറാനെ ഇല്ലാതാക്കാൻ ഒരുമിക്കാം'; സഖ്യസർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് നെതന്യാഹു, തള്ളി ഐസൻകോട്ട്

ഇസ്രയേൽ സുരക്ഷ ഉറപ്പാക്കാനും ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാനുമായി ദേശീയ ഐക്യ സർക്കാർ രൂപീകരിക്കണെമെന്നായിരുന്നു കാവൽ പ്രധാനമന്ത്രിയായ നെതന്യാഹുവിൻ്റെ ആവശ്യം

'ഇറാനെ ഇല്ലാതാക്കാൻ ഒരുമിക്കാം'; സഖ്യസർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് നെതന്യാഹു, തള്ളി ഐസൻകോട്ട്
dot image

ടെൽ അവീവ്: തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനു പിന്നാലെ പ്രതിപക്ഷ നേതാവായ ഗാഡി ഐസൻകോട്ടിനെ സഖ്യസർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ നെതന്യാഹുവിൻ്റെ ക്ഷണം ഗാഡി ഐസൻകോട്ട് തള്ളി. പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐസൻകോട്ടിൻ്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേൽ രാഷ്ട്രീയത്തിലെ ഈ പുതിയ സംഭവവികാസം.

ഇസ്രയേൽ സുരക്ഷ ഉറപ്പാക്കാനും ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാനുമായി ദേശീയ ഐക്യ സർക്കാർ രൂപീകരിക്കണമെന്നായിരുന്നു കാവൽ പ്രധാനമന്ത്രിയായ നെതന്യാഹുവിൻ്റെ ആവശ്യം. എന്നാൽ, ഇത് നെതന്യാഹുവിൻ്റെ പുതിയ രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് ആരോപിച്ച് മുൻ സൈനിക മേധാവി കൂടിയായ ഐസൻകോട്ട് ഈ ക്ഷണം തള്ളിക്കളഞ്ഞു.

വ്യാഴാഴ്ച ഐസൻകോട്ടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ശനിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഐക്യ സർക്കാരിനായുള്ള തന്‍റെ ആവശ്യം ആവർത്തിച്ചത്. 'നമുക്ക് ഉപാധികളില്ലാതെ ഒരു മുറിയിൽ ഒന്നിച്ചിരിക്കാം. നമ്മുടെ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും വേണ്ടി ധാരണയിലെത്താം. ദുർബലമായൊരു സർക്കാരുണ്ടാക്കുന്നതിന് പകരം ഇസ്രയേലിന്റെ ശത്രുക്കളെ ഇല്ലാതാക്കാൻ ഐക്യ സർക്കാർ രൂപീകരിക്കാം,' നെതന്യാഹു പറഞ്ഞു. ഇറാൻ ഒരു കാരണവശാലും തങ്ങൾക്കെതിരെ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും, ഇസ്രയേലിനെ യഹൂദ രാഷ്ട്രമായി അംഗീകരിക്കുന്ന പാർട്ടികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഈ പുതിയ സർക്കാരിന് ഇറാൻ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാൻ സാധിക്കുമെന്നും നെതന്യാഹു അവകാശപ്പെട്ടു.

നെതന്യാഹുവിന്റെ വീഡിയോ പുറത്തുവന്ന് മിനിറ്റുകൾക്കകമാണ് ഐസൻകോട്ട് ഇതിന് മറുപടി നൽകിയത്. "തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടുവെന്ന് നെതന്യാഹുവിന് നന്നായി അറിയാം. അതുകൊണ്ടാണ് ഇപ്പോൾ ഈ അടവുകളുമായി ഇറങ്ങിയിരിക്കുന്നത്. ഇതിലൊന്നും ഞാൻ വീഴാൻ പോകുന്നില്ല. സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം വീണ്ടും ചർച്ചയ്ക്ക് വിളിക്കുന്നത്. ഐക്യം വേണമെന്ന് പറയുകയും അതേസമയം രാജ്യത്ത് ഭിന്നിപ്പും പിരിമുറുക്കവും ഉണ്ടാക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്," ഐസൻകോട്ട് കുറ്റപ്പെടുത്തി.

Israel's President Isaac Herzog (right) formally gives a mandate to Gadi Eisenkot to form a government
ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഗാഡി ഐസെൻകോട്ടിന് സർക്കാർ രൂപീകരിക്കാനുള്ള അനുമതി ഔദ്യോഗികമായി നൽകുന്നു.

ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 120 അംഗ നെസ്സെറ്റിൽ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം 53 സീറ്റും ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള നാല് പാർട്ടികളുടെ സഖ്യം 48 സീറ്റും നേടി. അറബ് പാർട്ടികൾ റെക്കോർഡ് നേട്ടത്തോടെ 19 സീറ്റുകളും നേടി. ഇതിന് പിന്നാലെ അറബ് പാർട്ടികളുടെ ഉൾപ്പെടെ 67 അംഗങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് ഐസൻകോട്ടിനെ ക്ഷണിക്കുകയായിരുന്നു. ഇതിനായി 28 ദിവസത്തെ സമയമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

Prime Minister Benjamin Netanyahu (right) and Yashar leader Gadi Eisenkot at a ceremony following the swearing-in of the 26th Knesset
26-ാമത് നെസെറ്റിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ചടങ്ങിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യാഷർ നേതാവ് ഗാഡി ഐസെൻകോട്ടും.

അറബ് പാർട്ടികൾ തിരഞ്ഞെടുപ്പ് 'മോഷ്ടിച്ചു'വെന്ന നെതന്യാഹുവിന്റെ ആരോപണങ്ങൾക്കെതിരെയും ഐസൻകോട്ട് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നെതന്യാഹുവിന്റെ 'വംശീയ' പ്രചാരണത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'ഇസ്രായേലിലെ അറബ് പൗരന്മാർ മൊത്തം ജനസംഖ്യയുടെ 21 ശതമാനമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ, നെതന്യാഹുവിൻ്റെയും അദ്ദേഹതിന്‍റെ ആളുകളടെയും രാഷ്ട്രീയ പ്രേരിതമായ വംശീയവും അക്രമാസക്തവുമായ നിയമവിരുദ്ധ പ്രചാരണത്തെയും അവർ നേരിടുന്നു,' ഐസെൻകോട്ട് എക്‌സിൽ കുറിച്ചു. 'ഇസ്രായേലിന്റെ പ്രധാനമന്ത്രി എല്ലാ പൗരന്മാരുടെയും പ്രധാനമന്ത്രിയാണ്, അദ്ദേഹത്തിന് വോട്ട് ചെയ്യാത്തവരുടെയും ഉൾപ്പെടെ, ഇസ്രായേലിലെ അറബ് പൗരന്മാർ ഇസ്രായേലിൻ്റെ ഭാഗമാണ്. അവരെ പാർശവത്ക്കരിക്കുനുള്ള ശ്രമം ഒരു രാജ്യവിരുദ്ധ പ്രവൃത്തിയാണ്.' ഐസൻക്കോട്ട് ചൂണ്ടിക്കാട്ടി.

ഇസ്രയേൽ പാർലമെന്റ് സ്പീക്കറെ ചൊവ്വാഴ്ച തിരഞ്ഞെടുക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ പോര്. നെതന്യാഹുവിന്റെ വിശ്വസ്തനായ അമീർ ഒഹാനയാണ് നിലവിലെ സ്പീക്കർ. എന്നാൽ പ്രതിപക്ഷം മുൻ സൈനിക ഉദ്യോഗസ്ഥനായ മദൻ കഹാനയെയാണ് ഈ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്.

Content Highlights: Israeli caretaker PM Benjamin Netanyahu has invited opposition leader Gadi Eisenkot to form a national unity government to counter Iran's threat. Eisenkot rejected the offer, calling it a political tactic.

dot image
To advertise here,contact us
dot image