യു എസിൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചു; വലഞ്ഞ് പതിനായിരക്കണക്കിന് യാത്രക്കാർ

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം യു എസ് വ്യോമയാന ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനാണ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്

യു എസിൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചു; വലഞ്ഞ് പതിനായിരക്കണക്കിന് യാത്രക്കാർ
dot image

വാഷിങ്ടൺ: അമേരിക്കയിലുടനീളം വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് വിമാന സർവീസുകൾക്ക് വീണ്ടും അനുമതി. വെള്ളിയാഴ്ച ഉച്ചയോടെ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പിൻവലിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. എന്നാൽ, മണിക്കൂറുകൾ നീണ്ട സ്തംഭനാവസ്ഥ സൃഷ്ടിച്ച യാത്രാ പ്രതിസന്ധി പൂർണമായി ഒഴിയാൻ സമയമെടുക്കുമെന്നും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം യു എസ് വ്യോമയാന ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനാണ് വെള്ളിയാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്. 2023 ജനുവരിയിൽ സമാനമായ രീതിയിൽ കമ്പ്യൂട്ടർ തകരാറിനെത്തുടർന്ന് ചെറിയൊരു ഇടവേളയിൽ വിമാനങ്ങൾ നിർത്തിവെച്ചിരുന്നു. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ വാർത്താവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് രാജ്യത്തെ 22 പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങളെയും ബാധിച്ചത്. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കാൻ ഉത്തരവിടുകയായിരുന്നു. യൂറോപ്പിൽ നിന്നടക്കം യു എസിലേക്കുള്ള രാജ്യാന്തര സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.

Also Read:

സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമോ ഭീകരവാദ ബന്ധമോ ഉള്ളതായി സൂചനയില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി. "ഇത് മറ്റൊരു 9/11 അല്ല, എല്ലാവരും സുരക്ഷിതരാണ്. നിലവിൽ ഇതൊരു ടെലികമ്മ്യൂണിക്കേഷൻ തകരാർ മാത്രമാണ്," അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, തകരാറിന് പിന്നിൽ പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റോ എഐ സംവിധാനങ്ങളോ ആണോയെന്ന കാര്യം എഫ്ബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ പരിശോധിച്ചുവരികയാണ്. എന്നാൽ തങ്ങളുടെ എഐ അധിഷ്ഠിത ‘സ്മാർട്ട്’ സിസ്റ്റമല്ല തകരാറിന് കാരണമെന്ന് കരാർ കമ്പനിയായ എയർ സ്പേസ് ഇന്റലിജൻസ് (ASI) വ്യക്തമാക്കി.

Stranded passengers wait at Cancun International Airport
കാൻകൂൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാത്തിരിക്കുന്ന യാത്രക്കാർ.

മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെല്ലാം യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. ടേക്ക് ഓഫിന് തൊട്ടുമുൻപ് പല വിമാനങ്ങളിൽ നിന്നും യാത്രക്കാരെ പുറത്തിറക്കി. കണക്കുകൾ പ്രകാരം 10,343-ലധികം സർവീസുകൾ വൈകുകയും 1,479 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഉത്തരവ് പുറത്തിറങ്ങുമ്പോൾ നാലായിരത്തിലധികം വിമാനങ്ങൾ യുഎസ് വിമാനത്താവളങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുകയായിരുന്നു.

ന്യൂയോർക്കിലെ ലാഗ്വാർഡിയ, വാഷിങ്ടൺ നാഷണൽ, ലാസ് വെഗാസ് തുടങ്ങിയ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം കാത്തിരുന്നത്. വിമാനങ്ങൾ നിലച്ചതോടെ ആളുകൾ കൂട്ടത്തോടെ റെന്റ്-എ-കാർ കൗണ്ടറുകളിലേക്കും ട്രെയിൻ സർവീസുകളിലേക്കും തിരിഞ്ഞു. ഇതോടെ യുഎസ് നാഷണൽ റെയിൽ ഓപ്പറേറ്ററായ ‘ആംട്രാക്കിന്റെ’ വെബ്സൈറ്റും ആപ്പും അമിത തിരക്കുമൂലം നിശ്ചലമായി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റിക് സെനറ്റർ ടാമി ഡക്ക്‌വർത്ത് ആവശ്യപ്പെട്ടു. പ്രവർത്തനങ്ങളെല്ലാം ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുകയാണെങ്കിലും വരും ദിവസങ്ങളിലും സർവീസുകളിൽ താളപ്പിഴകൾ തുടർന്നേക്കും.

Content Highlights: US flights resumed after a nationwide ground stop caused by a technical failure in air traffic control communications. More than 10,343 flights were delayed and 1,479 cancelled.

dot image
To advertise here,contact us
dot image