'മൈക്രോസോഫ്റ്റ് 365' സേവനങ്ങളിലെ തകരാർ പരിഹരിക്കാൻ നടപടികൾ; ഔട്ട്‌ലുക്കിലും ടീംസിലും പുരോഗതിയെന്ന് കമ്പനി

എല്ലാ സേവനങ്ങളും പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന

'മൈക്രോസോഫ്റ്റ് 365' സേവനങ്ങളിലെ തകരാർ പരിഹരിക്കാൻ നടപടികൾ; ഔട്ട്‌ലുക്കിലും ടീംസിലും പുരോഗതിയെന്ന് കമ്പനി
dot image

ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് 365 സേവനങ്ങളിൽ ആഗോളതലത്തിലുണ്ടായ തടസം പരിഹരിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയതായി മൈക്രോസോഫ്റ്റ്. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ അറിയിപ്പ്. സെർവറുകളുടെ സ്ഥിരത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിൽ പ്രതീക്ഷ നൽകുന്ന പുരോഗതി ഉണ്ടായതായി വെള്ളിയാഴ്ച കമ്പനി വ്യക്തമാക്കി. എന്നാൽ എല്ലാ സേവനങ്ങളും പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന.

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ സർവീസ് ഹെൽത്ത് അപ്‌ഡേറ്റ് പ്രകാരം, അടിസ്ഥാന സൗകര്യങ്ങളുടെ ഒരു വിഭാഗത്തിൽ സെർവറുകളുമായുള്ള ഉപയോക്താക്കളുടെ കണക്ഷൻ നിയന്ത്രിക്കുന്ന സംവിധാനത്തിൽ ആവശ്യമായ സാങ്കേതിക പരിഷ്‌കരണം നടപ്പാക്കിയിട്ടുണ്ട്. ഈ പരിഷ്‌കരണം സെർവറുകളുടെ പ്രവർത്തനത്തിൽ എത്രത്തോളം പുരോഗതിയുണ്ടാക്കുന്നുവെന്ന് കമ്പനി നിരീക്ഷിച്ചുവരികയാണ്. പ്രവർത്തനക്ഷമമാകുന്ന മേഖലകളിലെ സെർവറുകളിലേക്ക് പരിഷ്‌കരണം വ്യാപിപ്പിക്കാനും നടപടികൾ പുരോഗമിക്കുന്നു. എന്നാൽ സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുന്നതിന് കൃത്യമായ സമയപരിധി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 11.30ഓടെയാണ് മൈക്രോസോഫ്റ്റ് 365 സേവനങ്ങളിൽ തടസം ആരംഭിച്ചത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഉപയോക്താക്കളാണ് ആദ്യം എക്‌സ്‌ചേഞ്ച് ഓൺലൈൻ മെയിൽബോക്സുകൾ ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത്. പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കളെയും പ്രശ്നം ബാധിക്കാമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. എക്‌സ്‌ചേഞ്ച് ഓൺലൈൻ, മൈക്രോസോഫ്റ്റ് ടീംസ്, ഷെയർപോയിന്റ് ഓൺലൈൻ, മൈക്രോസോഫ്റ്റ് കോപൈലറ്റ്, മൈക്രോസോഫ്റ്റ് ഡിഫൻഡർ XDR തുടങ്ങിയ സേവനങ്ങളെയാണ് പ്രധാനമായും തടസം ബാധിച്ചത്. ഔട്ട്‌ലുക്ക് ഡോട്ട് കോം, വൺഡ്രൈവ്, വൺനോട്ട്, മൈക്രോസോഫ്റ്റ് ടു ഡു, മൈക്രോസോഫ്റ്റ് 365 വെബ് സേവനങ്ങൾ എന്നിവയിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.

തുടക്കത്തിൽ മൈക്രോസോഫ്റ്റിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഉപയോക്താക്കളുടെ തിരക്ക് വർധിച്ചതാണ് തടസത്തിന് കാരണമെന്നായിരുന്നു കമ്പനിയുടെ വിലയിരുത്തൽ. എന്നാൽ പിന്നീട് ഇന്റർനെറ്റ് ട്രാഫിക്കിൽ അസാധാരണമായ വർധനയുണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. പകരം, നിരവധി സെർവറുകൾ അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ പ്രവർത്തനക്ഷമമായി തുടർന്ന സെർവറുകൾക്ക് അധികഭാരം നേരിടേണ്ടിവന്നു. സെർവറുകൾ ഓട്ടോമാറ്റിക് പരിശോധനകളിൽ പരാജയപ്പെടുകയും എൻജിനീയർമാർ വീണ്ടും പ്രവർത്തനക്ഷമമാക്കിയ ചില സെർവറുകൾ ഉപയോക്താക്കളുടെ തിരക്ക് അനുഭവപ്പെട്ടതോടെ വീണ്ടും പ്രതികരിക്കാതാകുകയും ചെയ്തു. പ്രശ്നം പരിഹരിക്കാനുള്ള ആദ്യ ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്ന് കമ്പനി സമ്മതിച്ചിരുന്നു. തുടർന്ന് പുതിയ സാങ്കേതിക മാറ്റങ്ങൾ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയും ട്രാഫിക് മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയും ചില മേഖലകളിൽ പ്രത്യേകതരം ട്രാഫിക്കുകൾ നിയന്ത്രിക്കുകയും ചെയ്തു.

സേവനങ്ങളിലുണ്ടായ തടസത്തിന് പിന്നിൽ സൈബർ ആക്രമണമുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്ന് മൈക്രോസോഫ്റ്റ് ആവർത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ സംഭവത്തിന് കാരണമായേക്കാവുന്ന സൈബർ ആക്രമണത്തിൻ്റെ ലക്ഷണങ്ങളുള്ള പ്രവർത്തനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ചാൾസ് ലമന്നയും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കി. സൈബർ ആക്രമണമോ മറ്റ് ദുരുദ്ദേശപരമായ ഇടപെടലുകളോ ആണ് തകരാറിന് പിന്നിലെന്നതിന് സൂചനകളില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പൂർണമായി പരിഹരിച്ചശേഷം വിശദമായ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തകരാറിന്റെ യഥാർഥ കാരണവും ഭാവിയിൽ സമാനമായ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളും റിപ്പോർട്ടിൽ വിശദീകരിക്കും.

മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലെ തകരാർ സാധാരണ ഓഫീസ് ജോലികളെയും ഇ-മെയിൽ ആശയവിനിമയത്തെയും മാത്രമല്ല ബാധിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനക്കമ്പനികൾ, എഐ കമ്പനികൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇൻഡിഗോ, ആകാശ എയർ എന്നീ വിമാനക്കമ്പനികളുടെ ഇ-മെയിൽ പിന്തുണാ സേവനങ്ങളെ തടസം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ എഐ കമ്പനികളും മൈക്രോസോഫ്റ്റ് കണക്ടറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ജപ്പാനിൽ സർക്കാർ ഇ-മെയിൽ സംവിധാനങ്ങൾ പ്രവർത്തനരഹിതമായതായാണ് റിപ്പോർട്ട്. തകരാർ പരിഹരിക്കുന്നതുവരെ ഉദ്യോഗസ്ഥർ ആശയവിനിമയത്തിനായി ടെക്സ്റ്റ് സന്ദേശങ്ങൾ ഉപയോഗിക്കുമെന്ന് ഡിജിറ്റൽ മന്ത്രി തോഷിഹാരു ഫുരുകാവ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രവർത്തനങ്ങളെ തടസം വലിയ രീതിയിൽ ബാധിച്ചതായി സാമ്പത്തിക മന്ത്രി റയോസെയ് അകസാവയും പറഞ്ഞു.

ഓസ്‌ട്രേലിയയിൽ രഹസ്യാന്വേഷണ ഏജൻസികളും ഫെഡറൽ പൊലീസും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ പ്രശ്നം ബാധിച്ചു. ഇതുമൂലം രാജ്യത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകാമെന്നാണ് ഒരു റിസ്ക് അഡ്വൈസറി സ്ഥാപനത്തിന്റെ വിലയിരുത്തൽ. യുകെയിൽ നിരവധി പൊലീസ് സേനകൾ ഓൺലൈനായി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം 101 എന്ന നമ്പറിൽ വിളിക്കാൻ പൊതുജനങ്ങളോട് നിർദേശിച്ചു. കുട്ടികളുടെ ഹാജരില്ലായ്മ അറിയിക്കാൻ സ്കൂളുകൾ രക്ഷിതാക്കളോട് ഫോൺ വഴി ബന്ധപ്പെടാനും ആവശ്യപ്പെട്ടു. സിംഗപ്പൂരിലെ വ്യാപാരികളും തായ്‌വാനിലെ ഫണ്ട് മാനേജർമാരും ഇടപാടുകൾ സ്ഥിരീകരിക്കുന്നതിനായി ഫോൺ കോളുകളെയും വാട്‌സ്ആപ്പിനെയും ആശ്രയിച്ചു.

Content Highlights: Microsoft is taking steps to resolve the disruption affecting Microsoft 365 services, reporting positive progress in restoring Outlook, Teams and other affected platforms.

dot image
To advertise here,contact us
dot image