'ചരിത്രത്തിൻ്റെ ഗതി മാറ്റാനാകില്ല, തായ്‌വാൻ ചൈനയുടെ ഭാഗമാകും'; അവകാശവാദവുമായി ഷി ജിൻ പിങ്

ഷി ജിൻപിങ്ങിന്റെ പരാമർശങ്ങളെ തായ്‌വാൻ സർക്കാർ പൂർണ്ണമായും തള്ളിക്കളഞ്ഞു. 'ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ' എന്ന നയം തായ്‌വാനിലെ ജനങ്ങളോ സർക്കാരോ അംഗീകരിക്കില്ല'

'ചരിത്രത്തിൻ്റെ ഗതി മാറ്റാനാകില്ല, തായ്‌വാൻ ചൈനയുടെ ഭാഗമാകും'; അവകാശവാദവുമായി ഷി ജിൻ പിങ്
dot image

ബെയ്ജിങ്: തായ്‌വാനെ ചൈനയോട് കൂട്ടിച്ചേർക്കുകയെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ ദൗത്യമാണെന്നും, ആ പുനരേകീകരണം ആർക്കും തടയാനാകില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. തായ്‌വാന് പൂർണ്ണ സ്വാതന്ത്ര്യം എന്ന ആശയത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ ഷി, സമാധാനപരമായ ചർച്ചകളിലൂടെ 'ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ' എന്ന നയത്തിലൂന്നി തായ്‌വാനെ ചൈനയുടെ ഭാഗമാക്കുമെന്നും അവകാശപ്പെട്ടു. തായ്‌വാനിലെ ജനങ്ങളുടെ വികാരങ്ങളും താല്പര്യങ്ങളും ചൈന പരിഗണിക്കും. എന്നാൽ തായ്‌വാൻ ഒരു സ്വതന്ത്ര രാജ്യമാണെന്ന വിഘടനവാദ പ്രവർത്തനങ്ങൾക്ക് യാതൊരു ഇടവും നൽകില്ലെന്നും ഷി ജിൻപിങ് കർശന മുന്നറിയിപ്പ് നൽകി.

ചൈനീസ് വിപ്ലവ നേതാവായ സൺ യാറ്റ്-സെന്നിന്റെ 160-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷി ജിൻപിങ്. 'ചരിത്രത്തിന്റെ ഒഴുക്ക് തടയാൻ ആർക്കുമാകില്ല. മാതൃരാജ്യത്തിന്റെ പൂർണ്ണമായ ഏകീകരണം തീർച്ചയായും യാഥാർത്ഥ്യമാകും. അത് ചൈനീസ് ജനതയുടെ മുഴുവൻ ആഗ്രഹമാണ്,' ഷി പറഞ്ഞു. തായ്‌വാൻ കടലിടുക്കിന്റെ ഇരുവശങ്ങളിലുമുള്ള ജനങ്ങളും വിദേശത്തുള്ള ചൈനക്കാരും തായ്‌വാൻ സ്വാതന്ത്ര്യവാദികളെ ഒറ്റപ്പെടുത്തണം. 'ഒരു ചൈന' എന്ന തത്വവും 1992-ലെ ധാരണയും അംഗീകരിക്കാൻ തയ്യാറായാൽ തായ്‌വാനിലെ ജനങ്ങളുമായി സമാധാനപരമായ ചർച്ചകൾക്ക് ബെയ്ജിങ് ഒരുക്കമാണെന്നും ഷി ജിൻപിങ് കൂട്ടിച്ചേർത്തു. ചൈനീസ് ഭരണകൂടത്തിനെതിരെ നടന്ന 1911-ലെ വിപ്ലവത്തിന് നേതൃത്വം നൽകിയ സൺ യാറ്റ്-സെൻ രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിച്ച മഹാനായ ദേശസ്നേഹിയാണെന്നും അദ്ദേഹം അനുസ്മരിച്ചു.

അതേസമയം, ഷി ജിൻപിങ്ങിന്റെ പരാമർശങ്ങളെ തായ്‌വാൻ സർക്കാർ പൂർണ്ണമായും തള്ളിക്കളഞ്ഞു. 'ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ' എന്ന നയം തായ്‌വാനിലെ ജനങ്ങളോ സർക്കാരോ അംഗീകരിക്കില്ല. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തിന് കീഴടങ്ങുന്നതിന് തുല്യമാണെന്ന് തായ്‌വാന്റെ മെയിൻലാൻഡ് അഫയേഴ്‌സ് കൗൺസിൽ പ്രതികരിച്ചു. തങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത് തായ്‌വാൻ ജനതയാണെന്നാണ് പ്രസിഡന്റ് ലായ് ചിങ്-തേയുടെ നിലപാട്. ലായ് ചിങ് ഒരു വിഘടനവാദിയാണെന്ന് ആരോപിച്ച് അദ്ദേഹവുമായി ചർച്ചകൾ നടത്താൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.

പ്രസംഗത്തിൽ സൈനികാക്രമണത്തെക്കുറിച്ച് ഷി ജിൻപിങ് പരാമർശിച്ചില്ലെങ്കിലും, ചൈനീസ് സൈന്യം തായ്‌വാന് ചുറ്റും കടുത്ത സമ്മർദ്ദം തുടരുകയാണ്. വ്യാഴാഴ്ച ജെ-16 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ 29 ചൈനീസ് സൈനിക വിമാനങ്ങൾ തായ്‌വാന് ചുറ്റും 'ജോയിന്റ് കോംബാറ്റ് റെഡിനെസ് പട്രോളിങ്' നടത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അടുത്തയാഴ്ച ഷെൻഷെനിൽ നടക്കുന്ന എപെക് ഉച്ചകോടിയിൽ ഷി ജിൻപിങ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തായ്‌വാൻ വിഷയത്തിലുള്ള ഈ പുതിയ പ്രതികരണം. രണ്ടാഴ്ചയ്ക്കുള്ളിൽ തായ്‌വാനിൽ സുപ്രധാന തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.

Content Highlights: Chinese President Xi Jinping says Taiwan's reunification with China is inevitable and rules out independence, offering peaceful talks under the 'One Country, Two Systems' framework. Taiwan has rejected the proposal.

dot image
To advertise here,contact us
dot image