

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് നീങ്ങുന്ന ആയിരത്തിലധികം കുടിയേറ്റക്കാരെ തടഞ്ഞില്ലെങ്കില്‍ മെക്‌സിക്കോയ്ക്ക് മേലുള്ള ഇറക്കുമതി തീരുവ ഇരട്ടിയാക്കുമെന്ന് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച നടന്ന യുഎസ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ആയിരത്തിലധികം കുടിയേറ്റക്കാര്‍ അമേരിക്ക ലക്ഷ്യമാക്കി നീങ്ങുന്നത്. ഇവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
മെക്‌സികോ, ടെക്‌സസ് ഗവര്‍ണര്‍, അമേരിക്കന്‍ അതിര്‍ത്തി സുരക്ഷാ സേന, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരെ ഇക്കാര്യം അറിയിച്ചതായി ട്രംപ് വ്യക്തമാക്കി. മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 1500 ലധികം കുടിയേറ്റക്കാരാണ് അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമം നടത്തുന്നത്. തെരഞ്ഞെടുപ്പ് വിജയത്തോടെ ജനുവരി മുതല്‍ യുഎസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്നതോടെ അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരങ്ങള്‍ ലഭിക്കുമെന്നാണ് കുടിയേറ്റക്കാരുടെ പ്രതീക്ഷ.

അതേസമയം, ഒരു സംഘം ആളുകള്‍ അമേരിക്കന്‍ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം സ്ഥിരീകരിച്ചു. എന്നാല്‍, ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം കുടിയേറ്റക്കാര്‍ യുഎസ് അതിര്‍ത്തിയില്‍ എത്തിയിട്ടില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞ് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനാണ് മെക്‌സിക്കോ ശ്രമിക്കുന്നതെന്നും ഷെയ്ന്‍ബോം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Content Highlights: Trump warns Mexico of doubling import tariffs if it fails to stop over 1,500 migrants heading towards the US border