

കൊച്ചി: തെറ്റുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ 'Belonging - A Journey of Love' എന്ന പുസ്തകത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് പുസ്തകങ്ങളെ അറിയാത്തതുകൊണ്ടാണെന്ന് എഴുത്തുകാരന് എന്‍ ഇ സുധീര്‍. ബൈബിള്‍ തൊട്ട് പുസ്തകങ്ങളുടെ ചരിത്രത്തില്‍ തെറ്റുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും സെലിബ്രിറ്റി പുസ്തകങ്ങളില്‍പ്പോലും, അടുത്ത കാലത്ത് അബദ്ധങ്ങള്‍ വന്ന ചരിത്രമുണ്ടെന്നും സുധീര്‍ ചൂണ്ടിക്കാട്ടുന്നു. സോണിയാ ഗാന്ധിയുടെ പുസ്തകത്തിലെ തെറ്റുകള്‍ക്ക് ഗ്രന്ഥകാരിയെ കുരിശിലേറ്റാന്‍ അതു വായിച്ചൊരാള്‍ എന്ന നിലയിലും പുസ്തകങ്ങള്‍ വായിക്കുന്ന ഒരാള്‍ എന്ന നിലയിലും, പുസ്തക ലോകത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയിലും താന്‍ തയ്യാറല്ല. അധികം വൈകാതെ വരുന്ന പുതിയ പതിപ്പില്‍ ഇവയെല്ലാം തിരുത്തപ്പെടാവുന്നതേയുള്ളൂവെന്നും എന്‍ ഇ സുധീര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
'In 1994, I was in the Indian deligation led by President R.K. Narayan to President Nelson Mandela's inauguation, and attended a dinner hosted by him' സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പേജ് 311 ലെ ഈ വാക്യം കണ്ട് , ഞാനന്തം വിട്ടിരുന്നു പോയി. ഞാന്‍ കരുതുന്നത് Harper Collins എന്ന പ്രസാധക സ്ഥാപനത്തില്‍ സോണിയയുടെ പുസ്തകം കൈകാര്യം ചെയ്ത എഡിറ്റര്‍ക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവും എന്നാണ്. ഇല്ലെങ്കില്‍ ഒന്നു രണ്ടു ദിവസത്തിനകം അത് സംഭവിക്കുക തന്നെ ചെയ്യും. മുകളിലെ വാചകത്തിലെ തെറ്റ് എന്തായാലും സോണിയ ഗാന്ധിയുടെ മാനുസ്ക്രിപ്റ്റില്‍ വന്ന തെറ്റല്ല എന്നതുറപ്പാണ്. അവര്‍ക്കൊരിക്കലും കെ.ആര്. നാരായണന് എന്ന പേര് ആര്.കെ. നാരായന് എന്നായി മാറിപ്പോകില്ല. അഥവാ എഴുത്തുകാരിക്ക് അങ്ങനെ സംഭവിച്ചാലും ഹാര്‍പ്പര്‍ കോളിന്‍സ് പോലുള്ള ഒരു വിഖ്യാത പ്രസാധകരുടെ എഡിറ്ററുടെ കണ്ണിലിത് പെടാതെ പോവരുത്. പുസ്തക പ്രസാധനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രാഥമികവുമായ ജോലിയാണ് Fact check. തുടര്‍ന്ന് പ്രൂഫ് റീഡിങ്ങ്. ഇതില്‍ തീരാവുന്ന തെറ്റുകളെ സോണിയയുടെ ഈ പുസ്തകത്തിലുള്ളൂ', എന്‍ ഇ സുധീര്‍ പറയുന്നു.

'ഹാര്‍പ്പര്‍ കോളിന്‍സിന്റെ എഡിറ്റര്‍ക്ക് ഇക്കാര്യത്തില്‍ വലിയ വീഴ്ച, മാപ്പര്‍ഹിക്കാത്ത വീഴ്ച സംഭവിച്ചിട്ടുണ്ട്. അത്രയധികം വസ്തുതാപരമായ തെറ്റുകളാണ് ഇത്രയും പ്രധാനപ്പെട്ട ഈ പുസ്തകത്തില്‍ കടന്നു കൂടിയിട്ടുള്ളത്. പേരുകള്‍, വര്‍ഷങ്ങള്‍, കണക്കുകള്‍ അങ്ങനെ പലതും.
ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്നും സോണിയ ഗാന്ധിക്ക് മാറിനില്ക്കാന് കഴിയില്ലെങ്കിലും പ്രായോഗികമായി ഇത് പ്രസാധകരുടെ നിരുത്തരവാദപരമായ കൈകാര്യം ചെയ്യലാണ്. ഇത് പറയുമ്പോള്‍ തന്നെ, ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിയുടെ പുസ്തകത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് പുസ്തകങ്ങളെ അറിയാത്തതുകൊണ്ടാണ്. അഥവാ അങ്ങനെ പറയുന്നവര്‍ പുസ്തകങ്ങള്‍ അധികം വായിക്കാത്തവരാണ്. ഇതിനെ വായിച്ചതാവട്ടെ, തെറ്റുകള്‍ അന്വേഷിച്ചു കൊണ്ടാണു താനും'

'ബൈബിള്‍ തൊട്ട് പുസ്തകങ്ങളുടെ ചരിത്രത്തില്‍ തെറ്റുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സെലിബ്രിറ്റി പുസ്തകങ്ങളില്‍പ്പോലും, അടുത്ത കാലത്ത് അബദ്ധങ്ങള്‍ വന്ന ചരിത്രമുണ്ട്. പ്രസിദ്ധമായ ഹാരിപ്പോട്ടര്‍ കഥയില്‍ തെറ്റുകള്‍ കടന്നു കൂടിയിരുന്നു. മലയാളത്തിലെ പുസ്തകങ്ങളിലും ധാരാളം അബദ്ധങ്ങള്‍ കണ്ടിട്ടുണ്ട്. എംടിയുടെ ഒരു ലേഖന സമാഹാരത്തില്‍ ഒരു എഴുത്തുകാരന്റെ പുസ്തകത്തിന്റെ പേര് തെറ്റായി വര്‍ഷങ്ങളായി അച്ചടിച്ചു വരുന്നുണ്ട്. ഈയിടെ ഒരു മലയാള പുസതകത്തില്‍, അതും ജീവചരിത്രത്തില്‍ നോബല്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയില്‍ പേരുണ്ടായിരുന്നു എന്ന് വായിച്ച് ചിരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രസാധകരംഗത്ത് fact ചെക്കിനൊന്നും സാധ്യതയില്ല. എഡിറ്റര്‍ തന്നെ പേരിനാണ്. ചുരുക്കിപ്പറഞ്ഞാല്‍ Belonging - A Journey of Love എന്ന പുസ്തകത്തിലെ വസ്തുതാപരമായ തെറ്റുകള്‍ക്ക് ഗ്രന്ഥകാരിയെ കുരിശിലേറ്റാന്‍ അതു വായിച്ചൊരാള്‍ എന്ന നിലയിലും പുസ്തകങ്ങള്‍ വായിക്കുന്ന ഒരാള്‍ എന്ന നിലയിലും, പുസ്തക ലോകത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയിലും ഞാന്‍ തയ്യാറല്ല. അധികം വൈകാതെ വരുന്ന പുതിയ പതിപ്പില്‍ ഇവയെല്ലാം തിരുത്തപ്പെടാവുന്നതേയുള്ളൂ.' എന്‍ ഇ സുധീര്‍ വ്യക്തമാക്കി.
Content Highlights: Writer N E Sudheer has criticised attempts to discredit Sonia Gandhi's book Belonging: A Journey of Love by highlighting alleged errors. He said such criticism reflects a lack of understanding of books