ഖത്തർ സുരക്ഷിതം, മികച്ച സംഘാടകർ; അണ്ടർ 17 ലോകകപ്പ് മത്സരക്രമത്തിന് മാറ്റമില്ലെന്ന് ഫിഫ

ലോകകപ്പ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റിന്റെ സുരക്ഷാ സാഹചര്യങ്ങളെ ബാധിക്കുന്ന പുതിയ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ സുരക്ഷാ വിലയിരുത്തലുകളിൽ മാറ്റമില്ലെന്നും ഫിഫ വ്യക്തമാക്കി.

ഖത്തർ സുരക്ഷിതം, മികച്ച സംഘാടകർ; അണ്ടർ 17 ലോകകപ്പ് മത്സരക്രമത്തിന് മാറ്റമില്ലെന്ന് ഫിഫ
dot image

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്ക തങ്ങളുടെ ദേശീയ ടീമിനെ പിൻവലിച്ചെങ്കിലും ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പ് മുൻനിശ്ചയിച്ച പ്രകാരം നവംബർ 19-ന് തന്നെ ആരംഭിക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. ടൂർണമെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പദ്ധതികളിൽ യാതൊരു മാറ്റവുമില്ലെന്ന് ഫുട്ബോൾ ലോകഭരണസമിതി വ്യാഴാഴ്ച സ്ഥിരീകരിച്ചു.

പങ്കെടുക്കുന്ന എല്ലാ താരങ്ങളുടെയും ആരാധകരുടെയും സുരക്ഷയ്ക്ക് ഫിഫ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഖത്തറിലെ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഫിഫ അൽ ജസീറയ്ക്ക് നൽകിയ പ്രസ്താവനയിൽ അറിയിച്ചു. അടുത്തിടെ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾ ഖത്തർ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും ലോകകപ്പിന്റെ കിക്കോഫിനായി തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഫിഫ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്റുകൾക്കാണ് ഖത്തർ ആതിഥേയത്വം വഹിച്ചത്. നവംബർ എട്ടിന് മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രീ വിജയകരമായി നടക്കുകയും അതേ ദിവസം തന്നെ 2026-ലെ എഫ്ഐപി പാഡൽ ലോകകപ്പ് സമാപിക്കുകയും ചെയ്തിരുന്നു.

ലോകകപ്പ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റിന്റെ സുരക്ഷാ സാഹചര്യങ്ങളെ ബാധിക്കുന്ന പുതിയ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ സുരക്ഷാ വിലയിരുത്തലുകളിൽ മാറ്റമില്ലെന്നും ഫിഫ വ്യക്തമാക്കി. അമേരിക്കയുടെ നിലവിലുള്ള 'ലെവൽ 3' യാത്രാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് യു.എസ് സോക്കർ ഫെഡറേഷൻ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസ്സിലാക്കുന്നതായും ഫിഫ പ്രതികരിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ടീമിന്റെ പ്രീ-ടൂർണമെന്റ് ക്യാമ്പും ലോകകപ്പിലെ പങ്കാളിത്തവും റദ്ദാക്കുകയാണെന്ന് യു.എസ് സോക്കർ ഫെഡറേഷൻ കളിക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. കളിക്കാരുടെയും സ്റ്റാഫുകളുടെയും ക്ഷേമത്തിനാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും കത്തിൽ പറയുന്നു.

Also Read:

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഹൂതി ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി, സായുധ സംഘട്ടനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഖത്തറിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ മാസം അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ 19 മുതൽ ഡിസംബർ 13 വരെയാണ് 48 ടീമുകൾ മാറ്റുരയ്ക്കുന്ന അണ്ടർ-17 ലോകകപ്പ് ഖത്തറിൽ അരങ്ങേറുന്നത്. ഗ്രൂപ്പ് ജെ-യിൽ ഉൾപ്പെട്ടിരുന്ന അമേരിക്ക നവംബർ 21-ന് മോണ്ടിനെഗ്രോയ്ക്കെതിരെയാണ് ആദ്യ മത്സരം കളിക്കേണ്ടിയിരുന്നത്. ചിലി, അൾജീരിയ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

Content Highlights: FIFA has confirmed that there will be no changes to the U-17 World Cup match schedule in Qatar. The governing body expressed confidence in Qatar's safety and organisational capabilities, assuring that the tournament will proceed as planned.

dot image
To advertise here,contact us
dot image