

നാലാം ഏകദിനത്തില്‍ തന്റേതുള്‍പ്പടെ ആറ് വിക്കറ്റ് വീഴ്ത്തി ന്യൂസീലന്‍ഡിന് വിജയം സമ്മാനിച്ച പേസര്‍ മാറ്റ് ഹെന്റിക്ക് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലി ഇന്ത്യന്‍ ജേഴ്‌സി സമ്മാനിച്ചു. കായികമികവിന്റെയും പരസ്പര ബഹുമാനത്തിന്റെയും മികച്ച മാതൃകയായാണ് സോഷ്യല്‍ മീഡിയ ഇക്കാര്യത്തെ വാഴ്ത്തുന്നത്.
വില്‍ യങ്ങിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 334 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റിങ് നിരയെ കരിയറിലെ മികച്ച പ്രകടനമായ 6/27 എന്ന നിലയില്‍ ഹെന്റി തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യ വെറും 89 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, താല്‍ക്കാലിക ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരെ പൂജ്യത്തിന് പുറത്താക്കി ഹെന്റി ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു. മത്സരശേഷം, വിരാടും മാറ്റും പരസ്പരം സംസാരിക്കുന്നതും 38-കാരനായ ഇന്ത്യന്‍ താരം ഹെന്റിക്ക് ജേഴ്‌സി സമ്മാനിക്കുന്നതുമായ വീഡിയോ ബ്ലാക്ക് ക്യാപ്‌സിന്റെ (ന്യൂസിലന്‍ഡ് ടീം) ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ഏകദിനങ്ങളില്‍ ഹെന്റിക്കെതിരെ 60 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയിട്ടുള്ള വിരാട്, 98.33 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയെങ്കിലും മൂന്ന് തവണ അദ്ദേഹത്തിന് മുന്നില്‍ വീണിട്ടുണ്ട്. ഇന്ത്യക്കെതിരെ വെറും 12 ഇന്നിംഗ്സുകളില്‍ നിന്ന് നാല് തവണ നാലോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തിയ മാറ്റ് ഹെന്റി, ഈ നേട്ടത്തില്‍ സംയുക്തമായി ഒന്നാമതെത്തി. ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ന്യൂസിലന്‍ഡ് താരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ഷെയ്ന്‍ ബോണ്ടിനൊപ്പമെത്താനും ഹെന്റിക്ക് സാധിച്ചു. റിച്ചാര്‍ഡ് ഹാഡ്ലി (5), ട്രെന്റ് ബോള്‍ട്ട് (6) എന്നിവരാണ് ഇനി ഹെന്റിക്ക് മുന്നിലുള്ളത്.
2019 ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ സംഭവിച്ച തകര്‍ച്ചയുടെ പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ തിരികെ കൊണ്ടുവന്ന ഇന്ത്യന്‍ മുന്‍നിര, ഏകദിന ചരിത്രത്തില്‍ ആദ്യമായി റണ്ണൊന്നുമെടുക്കുന്നതിന് മുമ്പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. ഇഷാന്‍ കിഷന്‍ (27), അക്‌സര്‍ പട്ടേല്‍ (21), നമന്‍ ധിര്‍ (21) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 26.4 ഓവറില്‍ 89 റണ്‍സിന് ഇന്ത്യ പുറത്തായി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനായി വില്‍ യങ്ങും ടിം സീഫെര്‍ട്ടും (48 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 58 റണ്‍സ്) ചേര്‍ന്ന് 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് 125/3 എന്ന നിലയിലേക്ക് വീണ കിവീസിനെ ഫിന്‍ അലനൊപ്പം (30 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 41 റണ്‍സ്) ചേര്‍ന്ന് 90 റണ്‍സിന്റെ മറ്റൊരു കൂട്ടുകെട്ടിലൂടെ യങ് കരകയറ്റി. 14 ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പെടെ 108 പന്തില്‍ 125 റണ്‍സെടുത്ത വലംകൈയ്യന്‍ ബാറ്റര്‍ തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തി. മിച്ചല്‍ സാന്റ്‌നര്‍ (24), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (22), കൈല്‍ ജാമിസണ്‍ (19*) എന്നിവരുടെ പ്രകടനങ്ങള്‍ ന്യൂസിലന്‍ഡിനെ 300 കടത്തി 333 എന്ന മികച്ച സ്‌കോറിലെത്തിച്ചു. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
content highlights: Virat Kohli Gifts Signed Jersey to Matt Henry After Pacer Dismisses Him