ഗസയിലേക്ക് അടിയന്തര മാനുഷിക സഹായമെത്തിക്കണം; ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദവുമായി ഇന്ത്യയടക്കം 50 രാജ്യങ്ങള്‍

2025 ജനുവരി 19ന് അംഗീകരിച്ച കരാറിലെ അളവില്‍ കുറയാത്ത രീതിയില്‍ അടിയന്തര മാനുഷിക സഹായങ്ങള്‍ ഗസയിലേക്ക് എത്തിക്കാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പ്രമേയം ആവശ്യപ്പെടുന്നുണ്ടെങ്കിലും, അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ലെന്ന് മാക്കിന്റ്റോഷ് വ്യക്തമാക്കി.

ഗസയിലേക്ക് അടിയന്തര മാനുഷിക സഹായമെത്തിക്കണം; ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദവുമായി ഇന്ത്യയടക്കം 50 രാജ്യങ്ങള്‍
dot image

ന്യൂയോര്‍ക്ക്: ഗസയിലേക്ക് വേഗത്തിലും തടസ്സമില്ലാതെയും മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ 53 രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും കൂട്ടായ്മ. യുകെ, ഖത്തര്‍, ജോര്‍ദാന്‍ എന്നിവര്‍ സംയുക്തമായി നേതൃത്വം നല്‍കുന്ന 'ഗസ കോള്‍ ടു ആക്ഷന്‍ ഓണ്‍ ഹ്യുമാനിറ്റേറിയന്‍ ആക്‌സസ് ആന്‍ഡ് ഹെല്‍ത്തി' (Gaza Call to Action on Humanitarian Access and Health)ന്റെ പ്രസ്താവന, യുഎന്നിലെ യുകെയുടെ സ്ഥിരം പ്രതിനിധി സാറാ മാക്കിന്റ്റോഷ് ആണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്.

Gaza Call to Action on Humanitarian Access and Health
വാർത്താ സമ്മേളമനത്തില്‍ നിന്നും

2025 ജനുവരി 19ന് അംഗീകരിച്ച കരാറിലെ അളവില്‍ കുറയാത്ത രീതിയില്‍ അടിയന്തര മാനുഷിക സഹായങ്ങള്‍ ഗാസയിലേക്ക് എത്തിക്കാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 2803ാം പ്രമേയം ആവശ്യപ്പെടുന്നുണ്ടെങ്കിലും, അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ലെന്ന് മാക്കിന്റ്റോഷ് വ്യക്തമാക്കി.

2025 ഒക്ടോബറിലെ വെടിനിര്‍ത്തലിന് ശേഷം രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സന്ദര്‍ഭങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും, ശൈത്യകാലം കടുക്കുന്നതോടെ ഗസയിലെ ഭൂരിഭാഗം ജനങ്ങളും സുരക്ഷിതമായ പാര്‍പ്പിടമില്ലാതെ കഷ്ടപ്പെടുകയാണ്. ഇത് ഹൈപ്പോതെര്‍മിയ, ശ്വാസകോശ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍ എന്നിവ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നുവെന്ന് അന്താരാഷ്ട്ര സമൂഹം ചൂണ്ടിക്കാണിക്കുന്നു.

ഓസ്‌ട്രേലിയ (Australia), ഓസ്ട്രിയ (Austria), ബഹ്‌റൈന്‍ (Bahrain), ബെല്‍ജിയം (Belgium), ബ്രസീല്‍ (Brazil), കാനഡ (Canada), ക്രൊയേഷ്യ (Croatia), സൈപ്രസ് (Cyprus), ഡെന്‍മാര്‍ക്ക് (Denmark), ഈജിപ്ത് (Egypt), എസ്റ്റോണിയ (Estonia), ഫിന്‍ലന്‍ഡ് (Finland), ഫ്രാന്‍സ് (France), ഗ്രീസ് (Greece), ഐസ്ലന്‍ഡ് (Iceland), ഇന്ത്യ (India), ഇന്തോനേഷ്യ (Indonesia), അയര്‍ലന്‍ഡ് (Ireland), ഇറ്റലി (Italy), ജപ്പാന്‍ (Japan), ജോര്‍ദാന്‍ (Jordan), കുവൈത്ത് (Kuwait), കിര്‍ഗിസ്ഥാന്‍ (Kyrgyzstan), ലാറ്റ്‌വിയ (Latvia), ലെബനന്‍ (Lebanon), ലൈബീരിയ (Liberia), ലിത്വാനിയ (Lithuania), ലക്‌സംബര്‍ഗ് (Luxembourg), മാള്‍ട്ട (Malta), മെക്‌സിക്കോ (Mexico), നെതര്‍ലന്‍ഡ്‌സ് (Netherlands), ന്യൂസീലന്‍ഡ് (New Zealand), നോര്‍വേ (Norway), ഒമാന്‍ (Oman), പാകിസ്ഥാന്‍ (Pakistan), പനാമ (Panama), പോളണ്ട് (Poland), പോര്‍ച്ചുഗല്‍ (Portugal), ഖത്തര്‍ (Qatar), ദക്ഷിണ കൊറിയ (Republic of Korea), സൗദി അറേബ്യ (Saudi Arabia), സെനഗല്‍ (Senegal), സ്ലോവാക്യ (Slovakia), സ്‌പെയ്ന്‍ (Spain), പലസ്തീന്‍ (State of Palestine), സ്വീഡന്‍ (Sweden), സ്വിറ്റ്‌സര്‍ലന്‍ഡ് (Switzerland), സിറിയ (Syria), തുര്‍ക്കി (Türkiye), ബ്രിട്ടന്‍ (United Kingdom) എന്നീ രാജ്യങ്ങളും യൂറോപ്യന്‍ കമ്മീഷന്‍ (European Commision), അറബ് ലീഗ് (League of Arab States), ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (OIC) എന്നീ സംഘടനകളുമാണ് സംയുക്ത പ്രസ്താവനയിലൂടെ ആവശ്യമുന്നയിച്ചത്.

ഇസ്രയേല്‍ തെരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ ഗവണ്‍മെന്റ്, ലഭ്യമായ എല്ലാ അതിര്‍ത്തി പാതകളും കരമാര്‍ഗ്ഗങ്ങളും തുറന്ന് ഗാസയിലുടനീളം വേഗത്തിലും തടസ്സമില്ലാതെയും മാനുഷിക സഹായം എത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് പ്രസ്താവനയിലൂടെ ഇവര്‍ ആവര്‍ത്തിച്ചു.

കിഴക്കന്‍ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും ആശുപത്രികളിലേക്ക് രോഗികളെ ചികിത്സയ്ക്കായി മാറ്റുന്നതിനുള്ള മെഡിക്കല്‍ റഫറല്‍ പാത പുനഃസ്ഥാപിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന ആക്രമണങ്ങളില്‍ ഉടനടി സുതാര്യമായ ക്രിമിനല്‍ അന്വേഷണം നടത്തുക, മുതിര്‍ന്ന അന്താരാഷ്ട്ര പ്രതിനിധി സംഘങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഗസയില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രവേശനാനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ശൈത്യകാല പ്രതിസന്ധി നേരിടുന്നതിനായി താത്കാലിക പാര്‍പ്പിടങ്ങള്‍, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങള്‍, അടിയന്തര മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ എത്തിച്ച് പൊതുജനാരോഗ്യ ഭീഷണികള്‍ കുറയ്ക്കാനും ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനും പിന്തുണ നല്‍കുമെന്ന് പ്രസ്താവനയില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ ഉറപ്പുനല്‍കി.

Content Highlight: A group of 53 countries and international organisations, including India, has called on Israel to ensure rapid and unhindered humanitarian access to Gaza, urging the opening of all available crossings and land routes to facilitate the delivery of essential aid.

dot image
To advertise here,contact us
dot image