'യുഎസിന് മേൽ തീമഴ പെയ്യിക്കും; ഇറാന്റെ നിര്‍ദേശം അംഗീകരിക്കാം, അല്ലെങ്കിൽ യുദ്ധം തെരഞ്ഞെടുക്കാം': അരാഗ്ചി

തങ്ങളുടെ നിര്‍ദേശം നിരസിക്കാനും യുദ്ധമാണ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇറാന്റെ പോരാളികള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കി

'യുഎസിന് മേൽ തീമഴ പെയ്യിക്കും; ഇറാന്റെ നിര്‍ദേശം അംഗീകരിക്കാം, അല്ലെങ്കിൽ യുദ്ധം തെരഞ്ഞെടുക്കാം': അരാഗ്ചി
dot image

ടെഹ്‌റാന്‍: എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഇറാന്റെ രണ്ടുദിവസത്തെ നിര്‍ദേശം സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ഈ നിര്‍ദേശം നിരസിക്കാനും യുദ്ധമാണ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇറാന്റെ പോരാളികള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അരാഗ്ചിയുടെ പ്രതികരണം.

Iran Foreign Minister Abbas Araghchi
അബ്ബാസ് അരാഗ്ചി

'അമേരിക്കന്‍ വോട്ടര്‍മാര്‍ തങ്ങളുടെ തീരുമാനമെടുത്തുകഴിഞ്ഞു. ഇനി വൈറ്റ്ഹൗസിന് തീരുമാനമെടുക്കാനുളള സമയമാണ്. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കൂ, അതിന്റെ ഫലമെന്തെന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും കാണാനാകും. അതല്ലെങ്കില്‍ യുദ്ധം തിരഞ്ഞെടുക്കൂ, എപ്പോഴും ജാഗരൂകരും പോരാട്ടവീര്യമുള്ളവരുമായ ഞങ്ങളുടെ യോദ്ധാക്കള്‍ നിങ്ങള്‍ക്ക് മേല്‍ തീമഴ പെയ്യിക്കുന്നത് കാണാം,' അദ്ദേഹം എക്‌സില്‍ കുറിച്ചു.

യുഎസില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ തങ്ങള്‍ക്ക് നേരിട്ട കനത്ത തോല്‍വിക്ക് പ്രധാന കാരണം ഇറാനെതിരെയുള്ള യുദ്ധമാണെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ വിലയിരുത്തുന്നു. 'ഞങ്ങള്‍ തോറ്റതിന്റെ കാരണം ഈ യുദ്ധമാണ്' എന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തുറന്നുപറഞ്ഞത്.

യുഎസ് ആക്രമണത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ ഫലപ്രദമായി അടച്ചിട്ടിരിക്കുകയാണ്. ഇത് ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും യുഎസില്‍ ഇന്ധനവില വര്‍ധിച്ച് ജനങ്ങള്‍ക്ക് മേൽ ഉയർന്ന ജീവിതച്ചെലവ് പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തു, ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.

അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷവും ഇറാനെതിരെ പുതിയ സൈനിക ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു; സാധ്യമായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'എന്തും സംഭവിക്കാം' എന്നായിരുന്നു ട്രംപിന്റെ മറുപടി.

യുഎസിന്റെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് പുതിയ ആക്രമണമുണ്ടായാല്‍ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത (without geographical boundaries) കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനും നയതന്ത്ര ചര്‍ച്ചകള്‍ക്കും ഇറാന്‍ ഇപ്പോഴും സന്നദ്ധമാണ്. എന്നാല്‍, അതിന് മുന്‍പ് തങ്ങളുടെ ന്യായമായ ആവശ്യങ്ങളും മുന്‍ വാഗ്ദാനങ്ങളും പൂര്‍ണമായി നടപ്പിലാക്കണമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുന്നു.

അതേസമയം, ഇറാനില്‍ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് അമേരിക്ക പറഞ്ഞിരുന്നു. ഇറാനിലെ പാലങ്ങള്‍ പവര്‍ പ്ലാന്റുകള്‍ എന്നിവ ആക്രമിക്കുമെന്നും ഈ വിവരം ഇസ്രയേലിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചര്‍ച്ചകള്‍ ഒരു കരറിലേക്ക് നയിച്ചാല്‍ ഇറാനെ ആക്രമിക്കാനുള്ള സാധ്യതകള്‍ തുലോം തുച്ഛമാണെന്നും ട്രംപ് പറഞ്ഞു. ഞായറാഴ്ച സിഎന്‍എന്നിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിനിടെ അഞ്ച് തവണ ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചു. കൂടാതെ ഇറാന്‍ കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ശക്തമായ സൈനിക നടപടിക്ക് സൈന്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Iranian Foreign Minister Seyyed Abbas Araghchi has urged the United States to accept Iran's two-day proposal to end the war across all fronts, warning that Iranian fighters would deliver a strong response and rain fire on America if Washington rejects the proposal and chooses war instead. Araghchi made the remarks in a post on X.

dot image
To advertise here,contact us
dot image