ഞായറാഴ്ചയും ഓഹരി വിപണി തുറക്കും; മുഹൂർത്ത വ്യാപാരത്തിന് സമയക്രമം പ്രഖ്യാപിച്ചു

ബ്ലോക്ക് ഡീൽ സെഷൻ ഉച്ചയ്ക്ക് 1.50 മുതൽ 2.05 വരെയാണ്. പ്രീ-ഓപ്പൺ സെഷൻ 2.05 മുതൽ 2.20 വരെ നടക്കും

ഞായറാഴ്ചയും ഓഹരി വിപണി തുറക്കും; മുഹൂർത്ത വ്യാപാരത്തിന് സമയക്രമം പ്രഖ്യാപിച്ചു
dot image

സാധാരണയായി ഞായറാഴ്ച ഓഹരി വിപണിക്ക് അവധിയാണ്. എന്നാൽ ഇത്തവണ ഞായറാഴ്ചയും വിപണിയിൽ വ്യാപാരം നടത്താൻ നിക്ഷേപകർക്ക് അവസരം. ദീപാവലിയോടനുബന്ധിച്ചുള്ള പ്രത്യേക മുഹൂർത്ത വ്യാപാരത്തിനായി നവംബർ 8-ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും തുറന്നുപ്രവർത്തിക്കും. ലക്ഷ്മീപൂജയോടനുബന്ധിച്ചാണ് പ്രത്യേക വ്യാപാര സെഷൻ സംഘടിപ്പിക്കുന്നത്.

2026-ലെ മുഹൂർത്ത വ്യാപാരം ഉച്ചയ്ക്ക് 2.20 മുതൽ 3.30 വരെയാണ് നടക്കുക. ഞായറാഴ്ച പതിവ് അവധിയാണെങ്കിലും പ്രത്യേക മുഹൂർത്ത വ്യാപാരത്തിനായി ഇരുവിപണികളും പ്രവർത്തിക്കുമെന്ന് എക്സ്ചേഞ്ചുകൾ അറിയിച്ചു. നിക്ഷേപകർക്ക് ഓഹരികൾ വാങ്ങാനും വിൽക്കാനും ഈ സമയത്ത് അവസരമുണ്ടാകും.

വ്യാപാരത്തിന് മുന്നോടിയായുള്ള ബ്ലോക്ക് ഡീൽ സെഷൻ ഉച്ചയ്ക്ക് 1.50 മുതൽ 2.05 വരെയാണ്. പ്രീ-ഓപ്പൺ സെഷൻ 2.05 മുതൽ 2.20 വരെ നടക്കും. പ്രധാന വ്യാപാര സെഷൻ 2.20-ന് ആരംഭിച്ച് 3.30-ന് അവസാനിക്കും. ക്ലോസിംഗ് സെഷൻ 3.30 മുതൽ 3.50 വരെയും പോസ്റ്റ് ക്ലോസിംഗ് സെഷൻ 3.50 മുതൽ 4 മണി വരെയും ആയിരിക്കും. CAS വിഭാഗത്തിലുള്ള ക്ലോസിംഗ് സെഷൻ 3.35 മുതൽ 3.50 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ച് വർഷംതോറും ഓഹരി വിപണികൾ നടത്തുന്ന പ്രത്യേക വ്യാപാരമാണ് മുഹൂർത്ത ട്രേഡിങ്. പുതിയ ഹിന്ദു സാമ്പത്തിക വർഷത്തിന്റെ തുടക്കമായും ഇത് കണക്കാക്കപ്പെടുന്നു. ശുഭമുഹൂർത്തത്തിൽ നിക്ഷേപം ആരംഭിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് പരമ്പരാഗത വിശ്വാസം. ഇതിന്റെ ഭാഗമായി നിരവധി നിക്ഷേപകർ പ്രതീകാത്മകമായി ഓഹരികൾ വാങ്ങാറുണ്ട്.

നവംബർ 10-ന് ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് വിപണിക്ക് അവധിയായിരിക്കും. നവംബർ 24-ന് ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ചും വ്യാപാരം നടക്കില്ല. മുഹൂർത്ത വ്യാപാരം ശുഭദിനമാണെന്ന വിശ്വാസം നിലനിൽക്കുന്നുണ്ടെങ്കിലും നിക്ഷേപ തീരുമാനങ്ങൾ വിപണിയിലെ സാഹചര്യങ്ങളും സാമ്പത്തിക അപകടസാധ്യതകളും വിലയിരുത്തി വേണം സ്വീകരിക്കാൻ.

Content Highlights: Muhurat trading on Deepawali: NSE and BSE announce market timings for November 8; Check full schedule here

dot image
To advertise here,contact us
dot image