

വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 20 ദശലക്ഷം ഡോളർ അഥവാ 188 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 'റിവാർഡ്സ് ഫോർ ജസ്റ്റിസ്' പ്രോഗ്രാമിലൂടെയാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇറാന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങൾ എവിടെയൊക്കെയാണ്, അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പദ്ധതികളുടെ ബ്ലൂപ്രിന്റുകൾ, പ്രധാന ആണവ ശാസ്ത്രജ്ഞർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള കൃത്യമായ ഇന്റലിജൻസ് വിവരങ്ങളാണ് അമേരിക്ക പ്രധാനമായും തേടുന്നത്.
ഇറാന്റെ ആണവ നീക്കങ്ങളെ നിർവീര്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിർണായക വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികമായി കോടിക്കണക്കിന് രൂപ നൽകുന്നതിന് പുറമെ, വലിയൊരു വാഗ്ദാനം കൂടി അമേരിക്ക മുന്നോട്ടുവെക്കുന്നുണ്ട്. വിവരങ്ങൾ കൈമാറുന്ന വ്യക്തിക്ക് താല്പര്യമുണ്ടെങ്കിൽ അമേരിക്കയിലോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലോ പേരുവിവരങ്ങൾ രഹസ്യമാക്കി വെച്ച് പുതിയ താമസസൗകര്യം ഒരുക്കുമെന്നാണ് വാഗ്ദാനം.
Rewards for Justice is offering a reward of up to $20 million and possible relocation for information about Iran’s nuclear program, including its facilities, equipment, and associated personnel, such as those in the scientific community, or the movement of any of the above.Submit a tip: https://t.co/A8uRQJSosj
— U.S. Central Command (@CENTCOM) November 7, 2026
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ പുതിയ നീക്കം. നിലവിൽ ഇറാന്റെ ആണവ പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ സുരക്ഷാ ഏജൻസികൾക്ക് വ്യക്തമായ വിവരങ്ങളില്ല. ഇത് നികത്തുകയും ഇറാന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയുകയും ചെയ്യുകയെന്നതാണ് പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷങ്ങൾക്കും നയതന്ത്ര നീക്കങ്ങൾക്കും ഇടയിലാണ് ഈ പ്രഖ്യാപനം പുറത്തുവരുന്നത്. ഇറാൻ അമേരിക്കയുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. അമേരിക്ക നേരത്തെ സൈനികാക്രമണം നടത്തിയില്ലായിരുന്നെങ്കിൽ, ഇറാൻ ആണവായുധങ്ങൾ ഉപയോഗിച്ച് മിഡിൽ ഈസ്റ്റിനെ ഒന്നടങ്കം ഇല്ലാതാക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, സൈനിക നീക്കങ്ങൾക്ക് പകരം സംഭാഷണങ്ങളിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും പ്രതിസന്ധി പരിഹരിക്കാനാണ് തങ്ങളുടെ സർക്കാർ ശ്രമിക്കുന്നതെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കുന്നത്.
എന്നാൽ പാരിതോഷികം പ്രഖ്യാപിച്ച നടപടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അമേരിക്ക കടുത്ത പരിഹാസം നേരിട്ടത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം ഇല്ലാതാക്കിയെന്ന് മുൻപ് വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുട്ടിൽ തപ്പുന്നതുപോലെ വിവരങ്ങൾക്കായി കോടികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെയാണ് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പരിഹാസം നിറഞ്ഞു. അമേരിക്കയുടെ ഇത്തരം പ്രഖ്യാപനങ്ങൾ ആദ്യമായല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. അഫ്ഗാൻ യുദ്ധകാലത്ത് ഭീകരനേതാവ് ഒസാമ ബിൻ ലാദനെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്കൻ പൗരത്വം ഉൾപ്പെടെ യുഎസ് സൈന്യം വാഗ്ദാനം ചെയ്തിരുന്നു.
Content Highlights: The US State Department has announced a $20 million reward for credible information about Iran’s nuclear programme, including secret facilities, equipment, blueprints and key personnel