

ടെല്‍ അവീവ്: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. എന്നാല്‍ ഇതുവരെ അറബ് പാര്‍ട്ടികളുമായി പ്രതിപക്ഷം സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. അതിനിടെ നെസറ്റ് സ്പീക്കറെ സ്ഥാനത്ത് നിന്ന് മാറ്റാനൊരുങ്ങുകയാണ് പ്രതിപക്ഷ സഖ്യവും അറബ് പാര്‍ട്ടികളും. ലിക്കുഡ് പാര്‍ട്ടി നേതാവായ അമിര്‍ ഒഹാനയാണ് നിലവിലെ സ്പീക്കര്‍. പുതിയ നെസറ്റ് നിലവില്‍ വരാനിരിക്കെയാണ് നീക്കം.
ഇസ്രയേലിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ 120 അംഗങ്ങളുള്ള നെസറ്റില്‍ ഭൂരിപക്ഷം നേടാന്‍ രണ്ട് പ്രധാന മുന്നണികള്‍ക്കും ആവശ്യമായ സീറ്റുകള്‍ ലഭിച്ചിട്ടില്ല. ഇതോടെ രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകളിലാണ് വിജയിച്ചത്. പ്രതിപക്ഷ നിരയില്‍ ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള മധ്യപക്ഷമായ യാഷര്‍ പാര്‍ട്ടി സഖ്യത്തിന് 48 സീറ്റുകളും ലഭിച്ചു. നെതന്യാഹുവിന്റെ വലതുപക്ഷ ലികുഡ് പാര്‍ട്ടി 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുകയാണ്. അതേസമയം, അറബ് പാര്‍ട്ടികള്‍ക്ക് ആകെ 19 സീറ്റുകളാണ് ലഭിച്ചത്. ഇത് അവരുടെ ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടമാണ്. ഫലം പുറത്തുവന്നതോടെ ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ചര്‍ച്ചകള്‍ നീണ്ടുപോകാനാണ് സാധ്യത. വിവിധ പാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടക്കേണ്ടിവരും.

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി നെതന്യാഹു രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പൊലീസിനോടും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന് ബെറ്റിനോടും നെതന്യാഹു ആവശ്യപ്പെട്ടു.
അറബ് പാര്‍ട്ടിയ്ക്ക് നേരെ ഉയരുന്ന ആരോപണം
ഖത്തറില്‍ നിന്ന് അറബ് പാര്‍ട്ടിയായ റാഅം പാര്‍ട്ടിക്ക് പണം ലഭിച്ചെന്ന ആരോപണവും ലികുഡ് പാര്‍ട്ടി ഉന്നയിച്ചു. വിദേശ സാമ്പത്തിക സഹായം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിച്ചെന്നാണ് ആരോപണം. എന്നാല്‍ റാഅം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് ആരോപണങ്ങള്‍ നിഷേധിക്കുകയും അന്വേഷണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. വിദേശ ഇടപെടല്‍ അംഗീകരിക്കാനാവാത്തതും ഗൗരവമേറിയതുമാണെന്ന് ഗാദി ഐസന്‍കോട്ടും പ്രതികരിച്ചു. ആരോപണങ്ങളില്‍ പക്ഷപാതമില്ലാത്ത സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ഷിന് ബെറ്റിനോട് ആവശ്യപ്പെട്ടു.
അനിശ്ചിതാവസ്ഥ നീങ്ങുമോ?
ഇനി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍. നെസറ്റിലേക്ക് തെരഞ്ഞടുക്കപ്പെട്ട പാര്‍ട്ടികളുടെ നേതാക്കളുമായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള നേതാവിനെ അദ്ദേഹം ചുമതലപ്പെടുത്തും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിവസമാണ് സമയം ലഭിക്കുക. എന്നാല്‍ ആവശ്യമെങ്കില്‍ പ്രസിഡന്റിന് പരമാവധി 14 ദിവസം കൂടി കാലാവധി നീട്ടി നല്‍കാം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെങ്കില്‍ രണ്ടാമതൊരു നേതാവിന് അവസരം നല്‍കാം. ഇതിനായി പരമാവധി 28 ദിവസമാണ് അനുവദിക്കുക. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടാല്‍ മൂന്നാമതൊരു നേതാവിനെ നിര്‍ദേശിക്കാന്‍ നെസറ്റിന് ആവശ്യപ്പെടാം. മൂന്നാമത്തെ നേതാവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 14 ദിവസമാണ് ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലെയും ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇസ്രയേലില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
Content Highlights: Israel's opposition parties claim they can form a government amid election deadlock and are preparing to remove Knesset Speaker Amir Ohana with support from Arab parties