ബ്രസീലിനെ ഇടതുപക്ഷം തന്നെ നയിക്കും; ലുല ഡ സിൽവ വീണ്ടും പ്രസിഡന്റ്‌

80 വയസ്സുകാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്

ബ്രസീലിനെ ഇടതുപക്ഷം തന്നെ നയിക്കും; ലുല ഡ സിൽവ വീണ്ടും പ്രസിഡന്റ്‌
dot image

ബ്രസീലിയ: ബ്രസീലിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ തൊഴിലാളി പാർട്ടി നേതാവ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവയ്ക്ക് വീണ്ടും ജയം. ഒക്ടോബർ 25ന് നടന്ന വാശിയേറിയ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വലതുപക്ഷ സെനറ്ററും മുൻ പ്രസിഡൻ്റ് ജയർ ബൊൾസൊരാനോയുടെ മകനുമായ ഫ്ലാവിയോ ബൊൾസൊരാനോയെ പരാജയപ്പെടുത്തിയാണ് ലുല അധികാരമുറപ്പിച്ചത്. ലുലയ്ക്ക് 51.7 ശതമാനവും ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് 48.2 ശതമാനവും വോട്ട് ലഭിച്ചു. 80 വയസ്സുകാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പരാജയം അംഗീകരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ് എതിർ സ്ഥാനാർത്ഥിയായ ഫ്ലാവിയോ ബോൾസൊനാരോ. ഫലം ദ്ദാക്കണമെന്നാണ് ഫ്ലാവിയോ ബോൾസനാരോയുടെ ആവശ്യം. 'വോട്ടെടുപ്പ് സമയം നീട്ടിനൽകിയ തീരുമാനം അംഗീകരിക്കാനാവാത്തതാണെന്ന്' ചൂണ്ടിക്കാട്ടിയാണ് ഫ്ലാവിയോ ഈ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുന്നത്.

ആദ്യഘട്ടതിരഞ്ഞെടുപ്പിൽ പിന്നോട്ടുപോയ ലുല അവിശ്വസനീയമായി തിരിച്ചു വന്നാണ് അട്ടിമറി ജയം നേടിയത്. ഒക്ടോബർ നാലിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥികൾക്ക് കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് നേടാൻ കഴിയാതിരുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ആദ്യഘട്ടത്തിൽ ഫ്ലാവിയോ ബൊൾസൊരാനോ 47 ശതമാനം വോട്ട് നേടിയപ്പോൾ 45 ശതമാനം മാത്രമാണ് ലുലയ്ക്ക് നേടാനായത്. തുടർന്നുള്ള മൂന്നാഴ്ച്ച ശക്തമായ പ്രചാരണമാണ് ലുല ഡ സിൽവയും ഫ്ലാവിയോ ബോൾസൊനാരോയും ബ്രസീലിൽ ഉടനീളം നടത്തിയത്. ബ്രസീലിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം ഘട്ടത്തിലെ തോൽവിക്ക് ശേഷം രണ്ടാം ഘട്ട വിജയത്തിലൂടെ ഒരാൾ പ്രസിഡൻ്റാവുന്നത്.

മുൻ പ്രസിഡൻ്റ് ജയർ ബൊൾസൊരാനോ 2022-ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് 27 വർഷം വീട്ടുതടങ്കലിന് ശിക്ഷിക്കപെട്ട പശ്ചാത്തലത്തിലാണ് മകൻ ഫ്ലാവിയോ ബോൾസനാരെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ലുലയ്ക്കെതിരെ മത്സരിച്ചത്. ഇതിനുപുറമെ ലുലയുടെ സമൂഹമാധ്യമങ്ങളിലെ പ്രചാരണവുമായി ബന്ധപ്പെട്ട് മെറ്റ, വാട്സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഉയർന്ന സെൻസർഷിപ്പ് ആരോപണങ്ങളും നിയമപോരാട്ടങ്ങളും ഈ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സമീപ വർഷങ്ങളിൽ, പെറു, കൊളംബിയ, അർജന്റീന, ബൊളീവിയ, ഇക്വഡോർ തുടങ്ങിയ അയൽ രാജ്യങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ വലതുപക്ഷ നേതാക്കൾ വൻ വിജയം നേടിയ സാഹചര്യത്തിലാണ് ബ്രസീലിൽ ഇടതുപക്ഷം അധികാരം നിലനിർത്തിയത്.

Content Highlights: Luiz Inácio Lula da Silva is set to continue leading Brazil as president, reinforcing the left's political leadership in the country

dot image
To advertise here,contact us
dot image