

കാരക്ക്: ജോര്‍ദാനിലെ കാരക്കില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെയുണ്ടായ വെടിവെപ്പില്‍ മരണസംഖ്യ ഏഴ് ആയി. ആക്രമണത്തില്‍ പരിക്കേറ്റ 40 പേര് ചികിത്സയിലാണ്. കാരക്ക് ഗവര്‍ണറേറ്റിലെ ഹമ്മൗദ് ഗ്രാമത്തിലെ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. അജ്ഞാതരായ അക്രമകാരികളുമായി ഒരു വാഹനം സ്ഥലത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെ വാഹനത്തില്‍ നിന്നിറങ്ങിയവര്‍ അഞ്ച് മിനിറ്റ് നിര്‍ത്താതെ വെടിയുതിര്‍ത്തു. പള്ളിയുടെ പരിസരത്ത് ഒരു ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് 200ഓളം പേരുണ്ടായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അക്രമികള്‍ ഹാന്‍ഡ് ഗണും റൈഫിളുമായി പള്ളിയുടെ ഗേറ്റ് കടന്ന് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നാല് അക്രമികളാണ് വെടിവെപ്പിന് നേതൃത്വം നല്‍കിയതെന്നാണ് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നത്. പള്ളിയില്‍ മരണാനന്തര ചടങ്ങുകള്‍ ആരംഭിച്ച് 15 മിനിറ്റുകള്‍ക്കകം തന്നെ ആക്രമണം തുടങ്ങുകയായിരുന്നു. ആക്രമണത്തെ അതിശക്തമായി നേരിടുമെന്ന് ജോര്‍ദാന്‍ കിരീടാവകാശി അബ്ദുള്ള രണ്ടാമന് പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി രാജാവ് അബ്ദുള്ള രണ്ടാമന് എത്തുന്നതിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. വാഹനത്തില്‍ നിന്നിറങ്ങി വെടിയുതിര്‍ത്ത രണ്ട് പേരെ പിന്തുടരുന്നതായും സുരക്ഷാ സേനയെ പള്ളിക്ക് സമീപം വിന്യസിച്ചതായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനല്‍ 'അല്‍-മംലക' റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചതായി വക്താവ് സ്റ്റെഫാന്‍ ഡുജാരിക് അറിയിച്ചു. ആരാധനാലയത്തിന് നേരെ മാത്രമല്ല, ഒരു ശവസംസ്കാര ഘോഷയാത്രയ്ക്കിടയിലും ഇത്തരമൊരു ആക്രമണം നടക്കുന്നത് അതീവ ഹീനമായ ഒന്നാണെന്ന് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡുജാരിക് പറഞ്ഞു. ജോര്‍ദാനില്‍ ഇത്തരം ആക്രമണങ്ങള്‍ വളരെ അപൂര്‍വമാണ്. ഏകദേശം 1.15 കോടി ജനസംഖ്യയുള്ള ജോര്‍ദാനില്‍, ഏകദേശം 3 ലക്ഷത്തോളം വരുന്ന ക്രിസ്ത്യാനികള്‍ ഒരു ന്യൂനപക്ഷ വിഭാഗമാണ്. എന്നാല്‍, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ ആകര്‍ഷിക്കുന്ന ബൈബിള്‍ കാലഘട്ടവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങള്‍ ഈ രാജ്യത്തുണ്ട്.
Content Highlights: Seven people were reportedly killed and 40 injured in an attack on a church in Hammoud village in Jordan’s Karak Governorate. According to international media reports, a vehicle carrying unidentified attackers arrived at the location, and the gunmen fired continuously for around five minutes. About 200 people were reportedly gathered near the church for a funeral-related ceremony when the incident occurred.