

റിയാദ്: റിയാദിലേക്ക് വീണ്ടും ഹൂതി ആക്രമണം. ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അക്രമിക്കപ്പെട്ട കിങ് ഫഹദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായും സൗദി അറേബ്യ അറിയിച്ചു. സൗദി അറേബ്യയുടെ സുരക്ഷാ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വഷളാകുകയാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി വിദേശകാര്യ മന്ത്രാലയം സൗദി അറേബ്യയിലേക്കുള്ള എല്ലാ യാത്രകള്‍ക്കെതിരെയും മുന്നറിയിപ്പ് നല്കി. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം.
ഹൂതി ശക്തി കേന്ദ്രങ്ങളിലേക്ക് 24 മണിക്കൂറില്‍ 780 ആക്രമണങ്ങള്‍ നടത്തിയെന്ന് യെമന്‍ ഭരണകൂടം അറിയിച്ചു.
വടക്കന്‍ യെമനിലെ അല്‍-ജാവ്ഫ് ഗവര്‍ണറേറ്റിലെ അല്‍-ഹസം ജില്ലയിലെ വാട്ടര്‍ കോര്പ്പറേഷന് കെട്ടിടത്തിന് നേരെ യെമന്‍ സൈന്യം രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഹൂത്തികളുമായി ബന്ധപ്പെട്ട മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഹൂതി ആക്രമണ സാധ്യത മുന്‍ നിര്‍ത്തി സൗദി അറേബ്യ എമര്‍ജന്‍സി അലേര്‍ട്ട് നല്‍കിയിരുന്നു. റിയാദില്‍ നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴിയാണ് നേരത്തെ അലേര്‍ട്ട് നല്‍കിയത്. അടിയന്തര മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, അപകട സാധ്യതകള്‍ ഒഴിഞ്ഞുപോയതായും പിന്നീട് സൗദി അറിയിച്ചു. റിയാദില്‍ തുടരാനും ബാധിത സ്ഥലങ്ങളില്‍ ഒത്തുകൂടുന്നതുൾപ്പെടെ ഒഴിവാക്കാനും ഏജന്‍സി താമസക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അടിയന്തര സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിർദേശിച്ചിരുന്നു. ഇറാന് പിന്തുണയുള്ള ഹൂതികള്‍ സൗദി അറേബ്യയ്ക്കെതിരായ ആക്രമണത്തില്‍ കൂടുതലായി ഏര്‍പ്പെട്ടിട്ടുണ്ടെന്നും സിവിലിയന്‍ വിമാനത്താവളങ്ങള്‍ക്കും മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: Saudi Arabia has reported intercepting a ballistic missile during a renewed Houthi attack targeting Riyadh, amid continuing tensions in the region.