അഞ്ച് വർഷത്തിനുള്ളിൽ 3 കോടി ടൺ മത്സ്യം ഉൽപാദിപ്പിക്കാൻ ഇന്ത്യ; സമുദ്രോല്‍പന്ന കയറ്റുമതിയും ഉയർത്തും

മത്സ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ രാജ്യത്തുനിന്നുള്ള കടൽവിഭവ കയറ്റുമതി 1.25 ലക്ഷം കോടി രൂപയായി ഉയർത്താനും രാജ്യം ലക്ഷ്യമിടുന്നു

അഞ്ച് വർഷത്തിനുള്ളിൽ 3 കോടി ടൺ മത്സ്യം ഉൽപാദിപ്പിക്കാൻ ഇന്ത്യ; സമുദ്രോല്‍പന്ന കയറ്റുമതിയും ഉയർത്തും
dot image

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ മത്സ്യോത്പാദനം 30 മില്യൺ (3 കോടി) ടൺ ആയി ഉയർത്താൻ ഇന്ത്യ ലക്ഷ്യമിടുന്നതായി കേന്ദ്ര മത്സ്യബന്ധന വകുപ്പ് സെക്രട്ടറി അഭിലക്ഷ് ലിഖി അറിയിച്ചു. ഭോപ്പാലിൽ നടന്ന ദേശീയ ശില്പശാലയിൽ ചെറുകിട ആഭ്യന്തര മത്സ്യബന്ധന മേഖലയ്ക്കായുള്ള ദേശീയ കർമ്മ പദ്ധതിയുടെ വികസന ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ രാജ്യത്തുനിന്നുള്ള കടൽവിഭവ കയറ്റുമതി 1.25 ലക്ഷം കോടി രൂപയായി ഉയർത്താനും രാജ്യം ലക്ഷ്യമിടുന്നു.

ഈ മേഖലയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട്, ഇന്ത്യ നിലവിൽ പ്രതിവർഷം 19.7 മില്യൺ ടൺ മത്സ്യോത്പാദനം കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ഏകദേശം നാലില് മൂന്ന് ഭാഗവും ആഭ്യന്തര ജലാശയങ്ങളിൽ നിന്നുള്ള സംഭാവനയാണ്. നിലവിൽ രാജ്യത്തെ കടൽവിഭവ കയറ്റുമതി 70,000 കോടി രൂപ പിന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും, ഉത്പാദനത്തിലും കയറ്റുമതിയിലുമുണ്ടാകുന്ന ഈ വളർച്ച ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തിന് സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടായിരിക്കണം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് ഈ ദേശീയ കർമ്മ പദ്ധതി തയ്യാറാക്കുന്നത്. കേന്ദ്ര മത്സ്യബന്ധന വകുപ്പും ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ-ഗവൺമെന്റൽ ഓർഗനൈസേഷനും സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കാലാവസ്ഥാ വ്യതിയാനവും ജലാശയങ്ങളിലെ ഓക്സിജന്റെ അളവ് കുറയുന്നത് ഉൾപ്പെടെയുള്ള ജലമലിനീകരണവുമാണ് ആഭ്യന്തര മത്സ്യബന്ധന മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. അതിനാൽ ഇത്തരം പ്രതിസന്ധികളെ നേരിടാൻ പരമ്പരാഗത മത്സ്യബന്ധന സമൂഹങ്ങളുടെ അനുഭവസമ്പത്ത് കൂടി ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതിക്ക് രൂപം നൽകണം.

ഈ പദ്ധതി കേവലം സർക്കാർ ഓഫീസുകളിലെ രേഖകളായി ഒതുങ്ങാതെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഉപകരിക്കുന്ന പ്രായോഗിക മാറ്റങ്ങളായി മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി രാജ്യത്തുടനീളമുള്ള മത്സ്യബന്ധന സമൂഹങ്ങളിലേക്ക് ഈ കർമ്മ പദ്ധതി എത്തിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. മത്സ്യബന്ധന അവകാശങ്ങൾ, തൊഴിൽ സുരക്ഷ, ലിംഗസമത്വം, ദുരന്ത നിവാരണം തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ഈ വികസന ഘട്ടത്തിൽ ചർച്ച ചെയ്യുമെന്നും, അന്തിമമാക്കുന്നതിന് മുൻപ് അടുത്ത മാസം പൊതുജനങ്ങൾക്ക് മുന്നിൽ ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: India aims to increase annual fish production to 30 million tonnes (3 crore tonnes) within the next five years, according to Fisheries Secretary Abhilaksh Likhi.India aims to increase seafood exports to ₹1.25 lakh crore from the current level of over ₹70,000 crore.

dot image
To advertise here,contact us
dot image