

ബ്രിട്ടന്‍: പിതാവ് തോമസ് മാര്‍ക്കിളിനെതിരായ ആരോപണങ്ങളില്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി മേഗന്‍ മാര്‍ക്കിള്‍. പിതാവുമായി അകന്നു കഴിഞ്ഞിരുന്നെങ്കിലും 2018-ല്‍ തന്നെ പിതാവിനെതിരെ ആശങ്കാജനകമായ ആരോപണങ്ങള്‍ ഉയരുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നുവെന്നും മേഗന്‍ വെളിപ്പെടുത്തി. കുട്ടികളുടെ ലൈംഗിക പീഡന ചിത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് തോമസ് മാര്‍ക്കിളിനെതിരെ ഉയര്‍ന്നു വന്നത്.
മേഗന്റെ അര്‍ധസഹോദരന്‍ തോമസ് മാര്‍ക്കിള്‍ ജൂനിയര്‍, ഫിലിപ്പീന്‍സിലെ സെബുവിലുള്ള പിതാവിന്റെ പഴയ വീട്ടില്‍ ഇത്തരം ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ അന്വേഷണം സ്ഥിരീകരിച്ചു. എന്നാല്‍ 82 വയസ്സുകാരനായ തോമസ് മാര്‍ക്കിള്‍ സീനിയര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. സെബുവിലെ മനുഷ്യക്കടത്ത് വിരുദ്ധ, ബാല ലൈംഗിക പീഡനവും ചൂഷണവും തടയുന്നതിനുള്ള പ്രത്യേക ദൗത്യസംഘം കേസ് അന്വേഷിച്ചുവരികയാണ്.
പിതാവിനെതിരായ ആരോപണങ്ങളെക്കുറിച്ച് 2018 മുതല്‍ അറിയാമായിരുന്നുവെന്നും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മക്കളായ ആര്‍ച്ചി (7), ലിലിബെറ്റ് (5) എന്നിവര്‍ക്ക് പിതാവുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നും മേഗന്‍ അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. 2018ല്‍ ഹാരി രാജകുമാരനുമായി നടന്ന വിവാഹത്തിന് തൊട്ടുമുമ്പ് മുതല്‍ മേഗന്‍ പിതാവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തോമസ് മാര്‍ക്കിള്‍ അറിയിച്ചിരുന്നു.

Content Highlights: Meghan Markle says she has been deeply distressed by allegations against her estranged father, Thomas Markle. Philippine authorities are investigating the matter, while Thomas Markle Sr. denies the allegations.